ദുരിതബാധിതരുടെ മുഴുവൻ കടങ്ങളും എഴുതി തള്ളണം; മൈക്രോ ലെവൽ ഫാമിലി പാക്കേജ് നടപ്പാക്കണം’; വി ഡി സതീശൻ
വയനാട്, വിലങ്ങാട് ഉരുൾപൊട്ടലിൽ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുള്ള നിർദ്ദേശങ്ങൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് 100 വീടുകൾ വാഗ്ദാനം ചെയ്തിരുന്നു. സർക്കാർ സ്ഥലം കണ്ടെത്തിക്കഴിഞ്ഞാൽ നടത്താമെന്ന് മുഖ്യമന്ത്രി സമ്മതിച്ചുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതിപക്ഷ നിർദ്ദേശം ഗൗരവത്തോടെ പരിഗണിക്കാം എന്നു മുഖ്യമന്ത്രി അറിയിച്ചതായി വിഡി സതീശൻ പറഞ്ഞു. ദുരിതബാധിതരുടെ മുഴുവൻ കടങ്ങളും എഴുതി തള്ളണമെന്ന് വിഡി സതീസൻ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വായ്പ ഉൾപ്പടെ പരിശോധിച്ച് വയനാട്ടിലും വിലങ്ങാടും എഴുതി തള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഓരോ കുടുംബത്തിനും മൈക്രോ ലെവൽ പ്ലാനിങ് ഉണ്ടാക്കണമെന്നും മൈക്രോ ലെവൽ ഫാമിലി പാക്കേജ് നടപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ദുരന്തങ്ങൾ ആവർത്തിക്കുകയാണെന്നും കാലാവസ്ഥാ വ്യതിയാനത്തെ പരിഗണിച്ചേ മതിയാകൂവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സമഗ്രമായ മുന്നറിയിപ്പ് സംവിധാനങ്ങൾ വേണം. അതിനനുസരിച്ച് ആളുകളെ മാറ്റാൻ താൽക്കാലിക ഷെൽട്ടറുകൾ ഒരുക്കണം. ഗൗരവത്തോടെ സർക്കാർ പരിഗണിക്കുമെന്നാണ് കരുതുന്നതെന്ന് വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി വളരെ പോസിറ്റീവായാണ് പ്രതികരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
വിലങ്ങാട് പാക്കേജ് തയ്യാറാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ദുരിതാശ്വാസ പ്രവർത്തനത്തിനും പരമാവധി സഹകരിക്കും. ദുരന്ത നിവാരണ പാക്കേജ് കൊടുക്കാൻ നിയമ നിർമാണം വേണം. ഖനനം ചെയ്യുന്നതിന് ഓഡിറ്റിംഗ് വേണമെന്ന് വിഡി സതീശൻ സർക്കാരിനോട് ആവശ്യപ്പെട്ടു.