ലഗേജിലെന്താണ്? ബോംബെന്ന് മറുപടി; നെടുമ്പാശേരിയിൽ വീണ്ടും “ബോംബ് തമാശ”, യാത്രക്കാരൻ അറസ്റ്റിൽ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണിമുഴക്കിയാൾ അറസ്റ്റിൽ. കൊച്ചിയിൽ നിന്നും മുംബൈയിലേയ്ക്ക് പോകാനെത്തിയ മനോജ് കുമാർ എന്നയാളാണ് അറസ്റ്റിലായത്. സുരക്ഷാ ജീവനക്കാരൻ്റെ ചോദ്യത്തിന് ബാഗിൽ ബോംബെന്ന് മറുപടി പറഞ്ഞതിനാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്തത്. കസ്റ്റിഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ താൻ തമാശ പറഞ്ഞതാണെന്ന് ഇയാൾ മൊഴി നൽകുകയായിരുന്നു. കഴിഞ്ഞ ദിവസവും സമാനമായ ഭീഷണി മുഴക്കിയതിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ലഗേജിൽ ബോംബുണ്ടെന്ന യാത്രക്കാരന്റെ തമാശ കാരണം നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് വിമാനം പുറപ്പെട്ടത് രണ്ട് മണിക്കൂർ വൈകിയാണ്. ആഫ്രിക്കയിൽ ബിസിനസുകാരനായ തിരുവനന്തപുരം സ്വദേശി പ്രശാന്താണ് യാത്രക്കാരെയും സുരക്ഷാ ജീവനക്കാരെയുമെല്ലാം വട്ടം ചുറ്റിച്ചത്. തായ് എയർലൈൻസിൽ തായ്ലൻഡിലേക്ക് പോകാനാണ് പ്രശാന്തും ഭാര്യയും മകനും എത്തിയത്. മറ്റ് നാലു പേരുകൂടി ഒരുമിച്ചാണ് ടിക്കറ്റെടുത്തിരുന്നത്. ബാഗിലെന്തുണ്ടെന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യം ഇഷ്ടപ്പെടാതെ വന്നപ്പോഴാണ് പ്രശാന്ത് ബോംബാണ് ബാഗിലെന്ന് പറഞ്ഞത്.
ബോംബെന്ന് പ്രശാന്ത് ആവർത്തിച്ചപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ വിവരം റിപ്പോർട്ട് ചെയ്തു. ബാഗ് തുറന്ന് പരിശോധന നടത്തിയ ശേഷമാണ് വിമാനം യാത്ര പുറപ്പെട്ടത്. ഒരേ ടിക്കറ്റായതിനാൽ വിമാനത്തിനകത്ത് കയറ്റിയ ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റ് നാല് പേരുടെ ലഗേജുകൾ കൂടി വിമാനത്തിൽ നിന്നിറക്കി വീണ്ടും പരിശോധിച്ചു. ഇതോടെ പുലർച്ചെ 2.10 ന് പോകേണ്ടിയിരുന്ന വിമാനം പുറപ്പെട്ടത് 4.30 നാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നെടുമ്പാശ്ശേരി പൊലീസ് പ്രശാന്തിനെ അറസ്റ്റ് ചെയ്തു.