ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ഓഫിസിന് നേരെ അൽ-ഖ്വയ്‌ദയുടെ പേരില്‍ ബോംബ് ഭീഷണി; അന്വേഷണം
പട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് നേരെ ഉണ്ടായ ബോംബ് ആക്രമണ ഭീഷണിയില്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം ഇ-മെയിൽ വഴിയാണ് ഭീഷണി ലഭിച്ചത്. അൽ-ഖ്വയ്‌ദയുമായി ബന്ധമുളള അജ്ഞാത അക്കൗണ്ടിൽ നിന്നാണ് ഇമെയിൽ വന്നത്. ജൂലൈ 16 നാണ് ഇമെയിൽ വഴി സന്ദേശം ലഭിച്ചതെങ്കിലും പൊലീസ് കേസെടുത്തത് കഴിഞ്ഞ ദിവസമാണ്.
മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ഓഫീസ് പരിസരത്ത് ബോംബ് ഇടുമെന്നും ബിഹാറിലെ സ്പെഷ്യൽ പൊലീസ് ഫോഴ്സിനും ആക്രമണം തടയാന്‍ കഴിയില്ലെന്നുമാണ് ഇ-മെയിൽ ഭീഷണിയില്‍ പറയുന്നത്. സംഭവത്തിൽ സചിവാലയ പൊലീസ് ആണ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്തത്. സ്റ്റേഷൻ ഹൗസ് ഓഫിസർ സഞ്ജീവ് കുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പൊലീസിന് പുറമെ തീവ്രവാദ വിരുദ്ധ സേനയും കേസ് അന്വേഷിക്കുന്നുണ്ട്. ഐപിസി 351 (4), (3) എന്നീ വകുപ്പുകൾ പ്രകാരവും ഐടി ആക്‌ടിലെ 66 (F) പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.