National

വയനാട് ദുരന്തത്തിന് കാരണം കേരളത്തിലെ ഗോവധം, ഇനിയും തുടരും: വിവാദ പ്രസ്‌താവനയുമായി ബിജെപി നേതാവ് ഗ്യാന്ദേവ് അഹുജ

Spread the love

വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി രാജസ്ഥാനിലെ മുൻ എംഎൽഎയും മുതിർന്ന ബിജെപി നേതാവുമായ ഗ്യാന്ദേവ് അഹുജ. ഗോവധം നടക്കുന്ന സ്ഥലങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. 354 ഓളം പേർ മരിക്കുകയും 200 ഓളം പേരെ കാണാതാവുകയും ചെയ്ത മുണ്ടക്കൈ-ചൂരമല-പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു പ്രസ്താവന.

രാജസ്ഥാനിൽ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം ദുരന്തത്തെ ഗോവധവുമായി ബന്ധിപ്പിച്ച് സംസാരിച്ചത്. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും മേഘവിസ്ഫോടനവും ഉരുൾപൊട്ടലും പതിവായി നടക്കുന്നുണ്ടെന്നും എന്നാൽ കേരളത്തിലെ അത്രയും തീവ്രതയുള്ള അപകടങ്ങൾ ഇവിടങ്ങളിൽ ഉണ്ടാവുന്നില്ലെന്നും പറഞ്ഞ അഹുജ, ഗോവധം നിരോധിച്ചില്ലെങ്കിൽ കേരളത്തിൽ ഇനിയും ഇതേ പോലെ അപകടങ്ങൾ ആവർത്തിക്കുമെന്നും പറഞ്ഞു.

2018 മുതൽ തന്നെ ഗോവധം നടക്കുന്ന സ്ഥലങ്ങളിൽ ഈ സ്ഥിതിയുണ്ടെന്നും ഇത് തങ്ങൾ പതിവായി നിരീക്ഷിക്കാറുണ്ടെന്നും അഹുജ പറഞ്ഞു. ഇത്തരം അപകടങ്ങൾ അവസാനിക്കാൻ ഗോവധം സംസ്ഥാനത്ത് നിരോധിക്കണമെന്നും മുൻ എംഎൽഎ കൂടിയായ ബിജെപി നേതാവ് ആവശ്യപ്പെട്ടു.