വയനാടിന് സിപിഐഎം എംപിമാരുടെ കൈത്താങ്ങ്; ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്യും
വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഐഎം എംപിമാർ ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്യും. മാസ ശമ്പളമായ ഓരോ ലക്ഷം രൂപ വീതം 8 ലക്ഷം രൂപയാണ് സിപിഐഎം അംഗങ്ങൾ സംഭാവന ചെയ്യുന്നത്.
കെ രാധാകൃഷ്ണൻ, ബികാഷ് രഞ്ചൻ ഭട്ടാചാര്യ, ജോൺ ബ്രിട്ടാസ്, അംറാ റാം, വി ശിവദാസൻ, എ എ റഹിം, സു വെങ്കിടേശൻ, ആർ സച്ചിതാനന്തം എന്നീ അംഗങ്ങൾ ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക.ഇതിനു പുറമെ എംപിമാരുടെ തദ്ദേശ വികസന ഫണ്ടിൽ നിന്നും മാർഗരേഖ പ്രകാരം പുനർനിർമാണ പദ്ധതികൾക്ക് സഹായം നൽകുമെന്നും നേതാക്കൾ അറിയിച്ചു.
അതേസമയം വയനാട് മുണ്ടക്കൈ, ചൂരൽമ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുടുങ്ങിപ്പോയവരെ രക്ഷിക്കുകയായിരുന്നു ആദ്യ ഘട്ടം. പരമാവധി ജീവനുകൾ രക്ഷിക്കുക എന്നതിനായിരുന്നു പ്രാധാന്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജീവൻ്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കിൽ കണ്ടെത്തി രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ചാലിയാറിൽ നിന്നും കണ്ടെടുക്കുന്ന മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 14042 പേർ താമസിക്കുന്നുണ്ട്. 148 മൃത ശരീരങ്ങൾ കൈമാറി. 206 പേരെ ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ട്. ദുരന്തമേഖലയിലും ചാലിയാറിലും തെരച്ചിൽ തുടരുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്താനായി ഡൽഹിയിൽ നിന്ന് ഡ്രോൺ ബെയ്സ്ഡ് റഡാർ എത്തുമെന്ന് അദ്ദേഹം അറിയിച്ചു.