Wayanad

രക്ഷാദൗത്യം മൂന്നാം ദിനം; ചൂരൽമലയിലും മുണ്ടക്കൈയിലും തിരച്ചിൽ ആരംഭിച്ചു: സ്നിഫർ നായകൾ ചൂരൽമലയിൽ

Spread the love

വയനാട് ഉരുൾപൊട്ടലിൽ രക്ഷാദൗത്യം മൂന്നാം ദിനത്തിലേക്ക്. ചൂരൽമലയിലും മുണ്ടക്കൈയിലും തിരച്ചിൽ ആരംഭിച്ചു. ഇന്നത്തെ തെരച്ചിൽ യന്ത്രസഹായത്തോടെയാണ് നടക്കുക. ബെയ്ലി പാലം നിർമ്മാണം അവസാനഘട്ടത്തിലാണ്. ഇത് പൂർത്തിയാകുന്നതോടെ രക്ഷാദൗത്യത്തിന് കൂടുതൽ വേ​ഗം കൈവരിക്കും. ഇതുവരെ ദൗത്യമേഖലയിൽ‌ 15 ഹിറ്റാച്ചികൾ എത്തിയിട്ടുണ്ട്. മുണ്ടക്കൈയിൽ തെരച്ചിൽ തുടരുന്നതിനിടെ നാല് മൃതദേഹങ്ങൾ കണ്ടെത്തി. രക്ഷാദൗത്യത്തിന് കൂടുതൽ യന്ത്രങ്ങൾ എത്തിക്കും.

1100 അംഗങ്ങൾ ഉള്ള സംഘമാണ് തിരച്ചിൽ നടത്തുന്നത്. മൃതദേഹങ്ങൾ കണ്ടെത്താൻ കഡാവർ നായകളെയും ദുരന്തമേഖലയിൽ എത്തിച്ചു. പോലീസിന്റെ കെ 9 ടീമും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. ബെയ്‌ലി പാലത്തിന്റെ നിർമ്മാണം ഉച്ചയോടെ പൂർത്തിയാക്കും. 60 ശതമാനം പൂർത്തിയായതായി സൈന്യം അറിയിച്ചു.

ദുരന്തമേഖലയിൽ ഐബോഡ് ഡ്രോൺ പരിശോധന നാളെ മുതൽ നടക്കും. റിട്ടയർഡ് മേജർ ജനറൽ ഇന്ദ്രബാലനും സംഘവും ഇന്ന് വയനാട്ടിലെത്തും. വയനാട് ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം ഊർജിതമാണെന്ന് റവന്യു മന്ത്രി കെ രാജൻ. തിരച്ചിൽ പൂർണമായി യന്ത്രസഹായത്തോടെയാണ് നടക്കുകയെന്ന് മന്ത്രി പറഞ്ഞു. മഴ രക്ഷാദൗത്യത്തിന് വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു.