Gulf

വയനാട് ഉരുൾപൊട്ടൽ; അനുശോചിച്ച്​ സൗദി

Spread the love

വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഭയാനകമായ ഉരുൾപൊട്ടൽ ദുരന്തത്തിൽ സൗദി അറേബ്യ അനുശോചനം അറിയിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും ഇന്ത്യൻ സർക്കാരിനും ജനതക്കും അനുശോചനം അറിയിക്കുന്നതായും സർവസ്വവും നഷ്​ടപ്പെട്ട ജനങ്ങൾക്കുമൊപ്പമാണ് തങ്ങളെന്നും ഇന്ത്യയിലെ സൗദി എംബസി എക്സിൽ പോസ്​റ്റ്​ ചെയ്​ത അനുശോചന സന്ദേശത്തിൽ പറഞ്ഞു.

അതേസമയം വയനാട് ദുരന്തത്തിൽ കനത്ത മഴയിലും രക്ഷാ ദൗത്യം തുടരുകയാണ്. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവർ ഏറെയാണ്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ 202 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താൽക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം അതിരാവിലെ തുടങ്ങിയിരുന്നു.

അതിനായുള്ള പ്രവ‍ര്‍ത്തനങ്ങളാണ് ഇന്ന് നടന്നുവരുന്നത്. ഓരോ നിമിഷവും മരണസംഖ്യ കൂടിവരികയാണ്. തെരച്ചിൽ അതീവ ദുഷ്കരമാക്കുന്നത് ചെളിമണ്ണും കൂറ്റൻ പാറക്കെട്ടുകളുമാണ്. ചെളി നിറഞ്ഞതിനെ തുടർന്ന് മണ്ണിൽ കാലുറപ്പിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്.

ഇന്ന് രാവിലെ ആറ് മണിമുതൽ സൈന്യം ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. ചൂരൽ മലയിൽ 4 സംഘങ്ങളായി തിരിഞ്ഞ് 150 സൈനികരാണ് രക്ഷാദൗത്യം തുടർന്നു കൊണ്ടിരിക്കുന്നത്.