പാർലമെന്റ് നടപടികൾ ഇന്ന് പുനരാരംഭിക്കും; ഇരുസഭകളിലും ബജറ്റ് ചർച്ചകൾ
പാർലമെന്റ് നടപടികൾ ഇന്ന് പുനരാരംഭിക്കും. ഇരുസഭകളിലും ബജറ്റ് ചർച്ചകളാണ് ഇന്ന് പ്രധാന അജണ്ട. നീറ്റ് അടക്കമുള്ള വിവിധ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് ഇരു സഭകളിലും പരിഗണനയ്ക്ക് എത്തും.
കേരളത്തിൽ നിന്നുള്ള അംഗങ്ങൾ കർണാടകയിലെ തിരൂർ രക്ഷാദൗത്യം അടക്കമുള്ള കാര്യങ്ങളും ഉന്നയിക്കും. എൻഡിഎയുടെയും ഇന്ത്യ മുന്നണിയുടെയും നേതൃയോഗങ്ങളും പാർലമെന്റ് സമ്മേളനത്തിന് മുന്നേ ഇന്ന് നടക്കുന്നുണ്ട്. നടപ്പ് സമ്മേളനം ഓഗസ്റ്റ് 12നാണ് അവസാനിക്കുക.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ലോക്സഭയിൽ സംസാരിക്കുമെന്നാണ് സൂചന. ഡൽഹിയിലെ ഐ എ എസ് അക്കാഡമി യിൽ വെള്ളക്കെട്ടിൽ 3 മുങ്ങി മരിച്ച വിഷയം ഇന്ന് പാർലമെന്റിൽ ഉയരും. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി സ്വാതി മാലി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ സഖ്യത്തിൽ നിന്നുള്ള മറ്റുചില എംപിമാരും വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബംഗാളിനെ വിഭജിക്കണമെന്ന് ബിജെപി എംപി നിഷികാന്ത് ദു ബെ യുടെ പരാമർശം, കാർഷികോൽപ്പന്നങ്ങൾക്ക് മിനിമം താങ് വില നിയമം മൂലം ഉറപ്പു നൽകാൻ ആകില്ലെന്ന കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റ പ്രസ്താവന എന്നിവ ഇന്നും പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കും.
കേന്ദ്ര ബജറ്റിലെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള വിവേചനത്തിനെതിരെ ഇന്ത്യാ സഖ്യത്തിലെ അംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു . പാര്‍ലമെന്റ് കവാടത്തില്‍ ബാനറുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ കൂടാതെ കോണ്‍ഗ്രസ്, ടിഎംസി, സമാജ്വാദി പാര്‍ട്ടി, ഡിഎംകെ, ഇടതുപക്ഷം എന്നിവയുടെ എംപിമാരും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നിരുന്നു.
അതേസമയം, അവഗണനിയില്ലെന്നും ബജറ്റില്‍ എല്ലാ സംസ്ഥാനങ്ങളുടെയും പേര് പറയാനാകില്ലെന്നും പ്രതിപക്ഷ ആരോപണത്തിനെതിരെ ധനമന്ത്രി പ്രതികരിച്ചു.