Sports

വീണ്ടും നിരാശപ്പെടുത്തി സഞ്ജു; ടി20 പരമ്പരയില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് രണ്ടാം ജയം

Spread the love

മഴ തടസ്സപ്പെടുത്തിയതിനെത്തുടര്‍ന്ന് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഓവര്‍ വെട്ടിക്കുറച്ച മത്സരത്തില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് വീണ്ടും തോല്‍വി. പരമ്പരയില്‍ ഇന്ത്യയുടെ രണ്ടാം ജയമാണിത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ഇന്ത്യക്ക് മുന്നില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ഓവര്‍ നേരിടുന്നതിനിടെത്തന്നെ ശക്തമായ മഴ മത്സരം വീണ്ടും തടസ്സപ്പെടുത്തുകയായിരുന്നു. മഴ കാരണം നേരത്തെ ഒരു മണിക്കൂറോളം താസിച്ചായിരുന്നു മത്സരം ആരംഭിച്ചിരുന്നത്. രണ്ടാം ബാറ്റിങില്‍ കളി ഏതാനും ഓവറുകള്‍ പിന്നിട്ടതോടെ മഴ വീണ്ടുമെത്തി. ഇതോടെ ഓവര്‍ പുതുക്കി നിശ്ചയിച്ചു. എട്ട് ഓവറില്‍ 78 റണ്‍സായിരുന്നു ഇന്ത്യക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 6.3 ഓവറില്‍ തന്നെ 81 ന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. ഏഴ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ രണ്ടാം മാച്ചില്‍ ഇന്ത്യ നേടിയത്. നേരിട്ട ആദ്യബോളില്‍ തന്നെ മടങ്ങേണ്ടി വന്ന മലയാളി താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയെങ്കിലും യശസ്വി ജയ്സ്വാളാണ് ഇന്ത്യന്‍ ഇന്നിങ്സ് കുറ്റമറ്റതാക്കിയത്. 15 പന്തില്‍ നിന്നായി രണ്ട് സിക്സും മൂന്ന് ഫോറും ഉള്‍്പ്പെടെ 30 റണ്‍സാണ് അദ്ദേഹം നേടിയത്.

പന്ത്രണ്ട് പന്തില്‍ ഒരു സിക്സും നാല് ഫോറും സഹിതം 26 റണ്‍സെടുത്ത് സൂര്യകുമാര്‍ പുറത്തായി. അഞ്ചാം ഓവറില്‍ മതീഷ പതിരണയുടെ പന്തില്‍ ഷനകയ്ക്ക് ക്യാച്ച് നല്‍കിയായിരുന്നു മടക്കം. പിന്നാലെ വന്ന ഹാര്‍ദിക് പാണ്ഡ്യയും ഋഷഭ് പന്തും ചേര്‍ന്നാണ് ടീമിനെ വിജയ തീരത്തേക്ക് നയിച്ചത്. ശ്രീലങ്കയ്ക്കായി തീക്ഷണ, ഹസരങ്ക, മതീഷ പതിരണ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഇന്ത്യക്കായി രവി ബിഷ്‌ണോയ് മൂന്നും ഹര്‍ദിക പാണ്ഡ്യ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. മൂന്നോവറില്‍ 24 റണ്‍സ് വഴങ്ങിയാണ് അര്‍ഷ്ദീപ് സിങ്ങിന്റെ രണ്ട് വിക്കറ്റ് നേട്ടം. അക്ഷര്‍ പട്ടേലിനും രണ്ട് വിക്കറ്റുണ്ട്.

20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ ലങ്ക 161 റണ്‍സ് നേടി. ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ആദ്യം ബാറ്റ് ചെയ്യാന്‍ അനുവദിക്കുകയായിരുന്നു. കുഷാല്‍ പെരേരയുടെ അര്‍ധ സെഞ്ചുറിയും പത്തും നിസ്സങ്കയുടെ ഓപ്പണിങ് പ്രകടനവുമാണ് ലങ്കക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ബാറ്റിങ്ങില്‍ മികച്ച തുടക്കമിട്ട ശ്രീലങ്ക പവര്‍പ്ലേയില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സ് നേടിയിരുന്നു. എന്നാല്‍ അര്‍ഷ്ദീപ് സിങ് എറിഞ്ഞ മൂന്നാം ഓവറില്‍ കുഷാല്‍ മെന്‍ഡിസ് പുറത്തായി. നിസങ്കയും കുഷാല്‍ പെരേരയും രണ്ടാം വിക്കറ്റില്‍ 54 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ പത്താമത്തെ ഓവറില്‍ രവി ബിഷ്‌ണോയ് നിസങ്കയെ പുറത്താക്കി. അഞ്ച് ഫോറര്‍ ഉള്‍പ്പെടെ 24 പന്തില്‍ 32 റണ്‍സ് നേടിയായിരുന്നു മടക്കം.

പിന്നീട് എത്തിയ കമിന്ദു മെന്‍ഡിസും പെരേരയും ചേര്‍ന്ന് 50 റണ്‍സ് നേടി. 16-ാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യ മെന്‍ഡിസിനെ പുറത്താക്കി. 23 പന്തില്‍ 26 റണ്‍സായിരുന്നു സമ്പാദ്യം. അതേ ഓവറില്‍ പെരേരയെയും പുറത്തായി. 23 പന്തില്‍ രണ്ട് സിക്‌സും ആറ് ഫോറും സഹിതം 53 റണ്‍സാണ് പെരേരെ നേടിയത്. എന്നാല്‍ രവി ബിഷ്‌ണോയ് എറിഞ്ഞ ഓവറില്‍ ശ്രീലങ്കയ്ക്ക് വീണ്ടും രണ്ട് വിക്കറ്റ് നഷ്ടമായി. റണ്‍സൊന്നുമില്ലാതെ ഷനകയും ഹസരങ്കയും പുറത്തായത് ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്നതായി. 19-ാം ഓവറിലായിരുന്നു പിന്നീട് വിക്കറ്റ് വീണത്. അര്‍ഷ്ദീപ് സിങ് എറിഞ്ഞ ബോളില്‍ സഞ്ജു സാംസന്‍ ക്യാച്ചെടുത്താണ് ക്യാപ്റ്റന്‍ ചരിത് അസലങ്കയെ പുറത്താക്കിയത്. അര്‍ഷ്ദീപിന്റെ രണ്ടാം വിക്കറ്റായിരുന്നു ഇത്. അവസാന ഓവറില്‍ മഹീഷ് തീക്ഷണയെ രണ്ട് റണ്ണുകള്‍ക്ക് മടക്കി അക്ഷര്‍ പട്ടേലും വിക്കറ്റ് നേടി. അവസാന പന്തില്‍ രമേഷ് മെന്‍ഡിസ് റണ്ണൗട്ടായി.