National

ട്രെയിനിൽ സാഹസികപ്രകടനം നടത്തി വൈറലായി, അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് കണ്ടത് ഒരു കയ്യുംകാലും നഷ്ടപ്പെട്ട്

Spread the love

സോഷ്യൽ മീഡിയയിൽ വൈറലാവുക എന്ന ലക്ഷ്യത്തോടെ അപകടകരമായ രീതിയിൽ സ്റ്റണ്ടുകൾ നടത്തുന്നത് ഇന്ന് ഒരു പുതിയ കാര്യമല്ല. നിരവധി പേർക്കാണ് ഇത്തരം ബുദ്ധിശൂന്യമായ പ്രവൃത്തികളിലൂടെ സ്വന്തം ജീവൻ പോലും നഷ്ടമായിരിക്കുന്നത്. ദുരന്തങ്ങൾ പതിവാകുമ്പോഴും ഉയർന്ന അപകടസാധ്യതയുള്ള ഇത്തരം പ്രകടനങ്ങളുടെ ഭാഗമാകുന്നതിൽ നിന്ന് ആളുകൾ പിന്മാറുന്നില്ല എന്നതാണ് ആശങ്കാജനകമായ വസ്തുത.

മുംബൈയിലെ സെവ്രി സ്റ്റേഷനിൽ ഉയർന്ന അപകടസാധ്യതയുള്ള ഒരു സ്റ്റണ്ട് നടത്തി ഈ മാസം ആദ്യം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വ്യക്തിയെ ഓർക്കുന്നുണ്ടോ? ആ വ്യക്തിയെ തേടി സെൻട്രൽ റെയിൽവേയുടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) കഴിഞ്ഞദിവസം ആളുടെ വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. സെവ്രി സ്റ്റേഷനിലെ സ്റ്റണ്ടിന് ശേഷം ഇയാൾ നടത്തിയ മറ്റൊരു അതിസാഹസിക സ്റ്റണ്ടിൽ അപകടത്തിൽപ്പെട്ട ഇയാൾക്ക് നഷ്ടമായത് ഇടതുകൈയും കാലുമാണ്.

ഈ കാഴ്ച കണ്ട് ഞെട്ടിയ റെയിൽവേ ഉദ്യോഗസ്ഥർ തന്നെയാണ് എക്സിൽ (ട്വിറ്ററിൽ) ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചത്. പോസ്റ്റിൽ ഉദ്യോഗസ്ഥർ ഇത്തരം പ്രവൃത്തികളുടെ അപകടത്തെ ഉയർത്തിക്കാട്ടി. വഡാല നിവാസിയായ ഫർഹത്ത് അസം ഷെയ്ഖ് എന്ന വ്യക്തിയാണ് ഇത്തരത്തിൽ ഒരു ദുരന്തത്തിന് ഇരയായത്. ഈ വർഷം മാർച്ച് 7 -ന് ചെയ്ത സ്റ്റണ്ട് വീഡിയോയിലൂടെയാണ് ഇയാൾ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. എന്നാൽ, ഏപ്രിൽ 14 -ന് മറ്റൊരു സ്റ്റണ്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് കൈയും കാലും നഷ്ടപ്പെട്ട ഹൃദയഭേദകമായ സംഭവം നടന്നു.

മാർച്ച് ഏഴിന് ഇയാൾ നടത്തിയ സ്റ്റണ്ടിനെതിരെ കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ആർപിഎഫ് ഉദ്യോഗസ്ഥർ ഇയാളെ മറ്റൊരു സംഭവത്തിൽ കയ്യും കാലും നഷ്ടപ്പെട്ട നിലയിൽ കണ്ടെത്തിയത്. വാഡാൽ ആർപിഎഫാണ് ഇയാൾക്കെതിരെ കേസെടുത്തത്.