തിയേറ്ററിൽ നിന്ന് സിനിമ പകർത്തിയ കേസ്; അറസ്റ്റിലായ ജെബ് സ്റ്റീഫൻ രാജ് തമിഴ് റോക്കേഴ്സ് പൈറസി സംഘത്തിലെ മുഖ്യ കണ്ണി
തിയേറ്ററിൽ നിന്ന് സിനിമ പകർത്തിയ കേസിൽ അറസ്റ്റിലായ ജെബ് സ്റ്റീഫൻ രാജ് തമിഴ് റോക്കേഴ്സ് എന്ന സിനിമ പൈറസി സംഘത്തിലെ മുഖ്യ കണ്ണിയെന്ന് പൊലീസ്. 12 പേരടങ്ങുന്ന ഒരു സംഘമാണ് സിനിമാ പൈറസിയ്ക്ക് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പ്രതിയെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം നടത്തുന്നത്. സംഘത്തിൽപ്പെട്ട കൂടുതൽ പേർ വരും ദിവസങ്ങൾ അറസ്റ്റിലാകുമെന്നാണ് വിവരം.
ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമ തിയേറ്ററിൽ നിന്ന് ക്യാമറയിൽ പകർത്തിയ കേസിലെ പ്രതിയാണ് ജെബ് സ്റ്റീഫൻ രാജ്. തിരുവനന്തപുരത്ത് വച്ച് രായൻ എന്ന ചിത്രം പകർത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. ട്രൈപോഡ് ഉൾപ്പെടെ ഉപയോഗിച്ച് വളരെ വിദഗ്ധമായാണ് ഇയാൾ തിയറ്ററിൽ നിന്ന് ചിത്രം പകർത്തിയിരുന്നത്.
ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമയുടെ നിർമ്മാതാവ് സുപ്രിയ മേനോൻ നൽകിയ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം ഏരിയസ് പ്ലസിൽ 10 മണിയുടെ ഷോയ്ക്ക് ഇയാള് ടിക്കറ്റെടുക്കും. ക്ലൈനർ സീറ്റിൽ ട്രൈപോഡ് ഘടിപ്പിച്ചു ചിത്രം പൂർണ്ണമായും പകർത്തുകയും തൊട്ട് അടുത്ത ദിവസം ടെലിഗ്രാമിൽ അപ്‌ലോഡ് ചെയ്യുകയുമായിരുന്നു. പിന്നീട് ആ സീറ്റിൽ ഇരിക്കുന്നവരെ നിരീക്ഷിക്കാൻ തുടങ്ങുകയും ജെബ് സ്റ്റീഫൻ രാജിനെ പൊലീസ് കുടുക്കുകയുമായിരുന്നു.