National

കേന്ദ്ര ബജറ്റിലെ കാണാച്ചരട്: വീടോ സ്ഥലമോ വിൽക്കാൻ പോയാൽ പണി പാളും; ലക്ഷങ്ങൾ നികുതിയടക്കേണ്ടി വരും

Spread the love

കൈവശം വച്ചിരിക്കുന്ന ഭൂമിയോ മറ്റ് വസ്തുക്കളോ വിൽക്കാൻ ശ്രമിക്കുന്നവർക്ക് തിരിച്ചടിയായി കേന്ദ്ര ബജറ്റിലെ നിർദ്ദേശം. വസ്തു വിറ്റ് കിട്ടിയ ലാഭത്തിന് മേലുള്ള നികുതി ഒഴിവാക്കുകയും ദീർഘകാല മൂലധന നേട്ട നികുതി 12.5 ശതമാനമാക്കി കുറയ്ക്കുകയുമാണ് കേന്ദ്രം ചെയ്തതെങ്കിലും ഫലത്തിൽ ഇത് റിയൽ എസ്റ്റേറ്റ് ആസ്തി വിൽക്കുന്നവർക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുക. ശരാശരി നികുതി കുറയാൻ കാരണമാകുമെന്നാണ് ധനമന്ത്രി പറയുന്നതെങ്കിലും അഞ്ച് വർഷത്തിലേറെയായി ഒരു വസ്തു കൈവശം വച്ചിരിക്കുന്നവർ നിലവിലെ നികുതി നിർദ്ദേശം പ്രകാരം ഉയർന്ന നികുതി കൊടുക്കാൻ നിർബന്ധിതരാകും.

പണപ്പെരുപ്പത്തിൻ്റെ അടിസ്ഥാനത്തിൽ വസ്തു വില നിശ്ചയിക്കുന്ന സൂചികയായ ഇൻഡെക്സേഷൻ ക്ലോസ് ഒഴിവാക്കിക്കൊണ്ടുള്ളതാണ് പുതിയ നിർദ്ദേശം. മുൻകാലങ്ങളിൽ ഇൻഡെക്സേഷൻ ക്ലോസ് ഉണ്ടായിരുന്നപ്പോൾ വസ്തു വിറ്റ് കിട്ടുന്ന ലാഭം ഉടമസ്ഥ കാലയളവിലെ പണപ്പെരുപ്പ തോതിൻ്റെ അടിസ്ഥാനത്തിൽ കണക്കാക്കിയ ശേഷം ലഭിക്കുന്ന യഥാർത്ഥ ലാഭത്തിന് മേലാണ് നികുതി ഈടാക്കിയിരുന്നത്. ദീർഘകാലമായി കൈവശം വെക്കുന്ന സ്ഥലങ്ങൾ വിൽക്കുമ്പോൾ ഉടമകൾക്ക് ഇതിലൂടെ വൻ തുക ലാഭിക്കാൻ സാധിക്കുമായിരുന്നു.

2001 ന് ശേഷം വാങ്ങിയ വസ്തുക്കൾക്ക് ഇപ്പോൾ 12.5 ശതമാനം എൽടിസിജി നികുതി വിൽപ്പന സമയത്ത് തന്നെ ചുമത്താനാണ് ബജറ്റ് നിർദ്ദേശിക്കുന്നത്. പണപ്പെരുപ്പ തോതിൻ്റെ അടിസ്ഥാനത്തിൽ ലാഭം കണക്കാക്കുന്ന രീതി ഇവിടെ പ്രയോഗിക്കില്ല. അതിനാൽ തന്നെ ഇനി വസ്തുക്കൾ വിൽക്കുമ്പോൾ ഉടമകൾക്ക് വലിയ തുക നികുതിയായി അടക്കേണ്ടി വരും.

ഉദാഹരണത്തിന് അഞ്ച് വർഷം മുൻപ് 10 ലക്ഷം രൂപയ്ക്ക് വാങ്ങിയ സ്ഥലം ഇപ്പോൾ 30 ലക്ഷത്തിനാണ് വിൽക്കുന്നതെങ്കിൽ പഴയ രീതിയിൽ അഞ്ച് വർഷത്തിനിടയിലെ പണപ്പെരുപ്പത്തിൻ്റെ അടിസ്ഥാനത്തിൽ സ്ഥലത്തിൻ്റെ വിലയിലുണ്ടായ മാറ്റം കണക്കാക്കി യഥാർത്ഥ ലാഭം നിശ്ചയിച്ച് അതിന് മേലാണ് നികുതി ചുമത്തിയിരുന്നത്. അഞ്ച് വർഷത്തിനിടെ ശരാശരി ആറ് ശതമാനം വീതം പണപ്പെരുപ്പം വർധിച്ചുവെങ്കിൽ, ഇത് അടിസ്ഥാനമാക്കി സ്ഥലത്തിൻ്റെ ഇപ്പോഴത്തെ വില നിശ്ചയിക്കും. വിറ്റ വിലയിൽ നിന്ന് ഈ വില കുറച്ച് കിട്ടുന്ന ലാഭത്തിൽ നിന്ന് മാത്രമാണ് നികുതി ഈടാക്കിയിരുന്നത്. എന്നാൽ പുതിയ രീതിയിൽ സ്ഥലം വിറ്റ വിലയായ 30 ലക്ഷത്തിൽ നിന്ന് അഞ്ച് വർഷം മുൻപ് വാങ്ങിയ വിലയായ 10 ലക്ഷം കുറച്ച് ആകെ വരുന്ന 20 ലക്ഷത്തിന് മേലെ 12.5% നികുതി നൽകേണ്ടി വരും. ഏകദേശം 2,25,000 രൂപ. റിയൽ എസ്റ്റേറ്റ് സെക്ടറിനെയാകെ തളർത്തുന്നതാണ് കേന്ദ്ര ബജറ്റിലെ ഈ നികുതി നിർദ്ദേശം.