നിപ വൈറസ് ബാധ: കേരളാ അതിര്‍ത്തിയിൽ താളൂരിൽ യാത്രക്കാരുടെ ശരീരോഷ്‌മാവ് തമിഴ്‌നാട് പരിശോധിക്കുന്നു
കോഴിക്കോട്: മലപ്പുറം പാണ്ടിക്കാട്ടെ നിപ വൈറസ് ബാധയിൽ ആശങ്ക പതിയെ ഒഴിയുന്നതിനിടെ കേരളാ അതിര്‍ത്തിയിൽ തമിഴ്‌നാട് ആരോഗ്യവിഭാഗം പരിശോധന തുടങ്ങി. താളൂരിലാണ് ആരോഗ്യവിഭാഗത്തിൻ്റെ പരിശോധന. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോകുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നുണ്ട്. യാത്രക്കാരോട് മാസ്ക് ധരിക്കാൻ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് വരുന്നവരോടും ആരോഗ്യവകുപ്പ് മാസ്ക് ധരിക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഇന്നലെ മുതലാണ് പരിശോധന തുടങ്ങിയത്. എന്നാൽ യാത്രാ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടില്ല.
അതേസമയം നിപ ബാധിച്ച് പാണ്ടിക്കാട് മരിച്ച കുട്ടിയുമായി സമ്പര്‍ക്കമുണ്ടായിരുന്ന 35 പേരുടെ പരിശോധനാ ഫലം ഇതിനകം നെഗറ്റീവായിട്ടുണ്ട്. നിലവില്‍ ഹൈ റിസ്ക്ക് വിഭാഗത്തിലുള്ള 220 പേരടക്കം 460 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതിനിടെ സമൂഹ മാധ്യമങ്ങള്‍ വഴി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച രണ്ട് സംഭവങ്ങളില്‍ പൊലീസ് കേസെടുത്തു. നിപ സംബന്ധിച്ച് സമൂഹമാധ്യമങ്ങള്‍ വഴി തെറ്റിദ്ധാരണ പരത്തുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമത്തിലെയും സൈബര്‍ നിയമത്തിലെയും വകുപ്പുകള്‍ ചുമത്തി നടപടിയെടുക്കാന്‍ ജില്ലാപൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വവ്വാലുകളെ നിരീക്ഷിക്കുന്നതിന് ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ബാലസുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം മലപ്പുറത്തെത്തിയിട്ടുണ്ട്. സംഘം വിവിധ സ്ഥലങ്ങളില്‍ നിന്ന് വവ്വാലുകളുടെ സാംപിളുകള്‍ ശേഖരിക്കും.