വനിതാ സംരംഭകര്‍ക്ക് ആശ്വാസം, മന്ത്രിയുടെ പ്രഖ്യാപനം, വായ്പകളില്‍ പിഴപ്പലിശയില്ലാതെ ഒറ്റത്തവണയിൽ തീര്‍പ്പാക്കാം
തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള കേരള വനിത വികസന കോര്‍പറേഷനില്‍ നിന്നും 2010 മുതല്‍ 2016 വരെ വിതരണം ചെയ്ത വായ്പകളിലെ കുടിശികയുള്ളവയില്‍ പിഴപ്പലിശ പൂര്‍ണമായി ഒഴിവാക്കുന്നതിന് അനുമതി നല്കി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ഈ കാലയളവില്‍ വിവിധ കാരണങ്ങളാല്‍ കുടിശിക തീര്‍ക്കാതെ പോയ വായ്പകള്‍ക്കാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ഇത് ബാധകമാകുന്നത്. ഇത്തരത്തില്‍ കുടിശികയുള്ള വായ്പകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കലിന് തയ്യാറാകുന്ന പക്ഷം പിഴപ്പലിശ പൂര്‍ണമായും ഒഴിവാക്കി നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വനിത വികസന കോര്പറേഷന് അനുമതി നല്കിയിരിക്കുന്നു.
ഇതിലൂടെ മുന്നൂറ്റി അറുപതോളം വനിതകള്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി 784 കോടി രൂപയുടെ സ്വയം തൊഴില്‍ വായ്പ വിതരണം നടത്തിയ വനിത വികസന കോര്‍പറോഷന്‍ നേരിട്ടും പരോക്ഷമായും ഒന്നര ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സംസ്ഥാനത്ത് സൃഷ്ടിച്ചുവെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.