ഉത്സവത്തിനിടയിലെ സംഘർഷക്കേസിൽ സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുന്നതിനിടെ 25 കാരനെതിരെ കൊലപാതക ശ്രമം
തൃശൂർ : കുന്നംകുളം വൈശേരിയിൽ യുവാവിനെ ബൈക്ക് ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്താൻ ശ്രമം. കുന്നംകുളം വൈശേരി സ്വദേശി പുളിപ്പറമ്പിൽ വീട്ടിൽ ജിനീഷി (25)നെയാണ് മൂന്നു ബൈക്കുകളിലായി എത്തിയ മൂന്നംഗ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ മാർച്ച് 20ന് നടന്ന ചിറളയം ശ്രീരാമസ്വാമി ക്ഷേത്രം ഉത്സവത്തിനിടെ സംഘർഷം നടന്നിരുന്നു.
ഈ സംഘർഷത്തിന്റെ തുടർച്ചയായാണ് യുവാവിനെ നേരെ ആക്രമണം ഉണ്ടായതെന്ന് ആരോപണം. ഉത്സവത്തിനിടയിൽ ചിറളയം സ്വദേശി ഷൈൻ സി ജോസ് ഉൾപ്പെടെ അഞ്ച് പേരെ ആക്രമിച്ച കേസിലെ പ്രതിയാണ് മർദ്ദനമേറ്റ ജിനീഷ്. കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ ഒപ്പിട്ടതിനുശേഷം മടങ്ങി വരുന്നതിനിടെ വൈശേരിയിലെ വീടിന് സമീപത്ത് ബൈക്ക് ഇടിച്ചു വീഴ്ത്തിയതിനു ശേഷം തലയ്ക്ക് ഇരുമ്പ് പൈപ്പ് കൊണ്ട് അടിക്കുകയും ചെയ്തു.
അടിയേറ്റ് നിലത്ത് വീണ ജിനീഷിനെ വീണ്ടും ക്രൂരമായി മർദ്ദിക്കുകയും വീട്ടിലേക്ക് ഓടികയറിയ ജിനീഷിനെ വീട്ടിൽ കയറിയും ആക്രമിച്ചതായി ആരോപണം. ബഹളം കേട്ട് പുറത്ത് വന്ന ജിനീഷിൻ്റെ അച്ഛനും മർദ്ദനമേറ്റു. മർദ്ദനത്തിൽ പരിക്കേറ്റ ജനീഷിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.