National

രാജിക്കൊരുങ്ങി സംസ്ഥാന അധ്യക്ഷൻ, യോഗിക്കെതിരെ പടയൊരുക്കം ശക്തം; ബിജെപിയിൽ തന്നെ ‘ഓപ്പറേഷൻ താമര’യെന്ന് അഖിലേഷ്

Spread the love

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെതിരെ തുടങ്ങിയ പടയൊരുക്കം സംസ്ഥാന ബി ജെ പിയിൽ പൊട്ടിത്തെറിയുടെ വക്കിലെത്തി. ബി ജെ പി സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരി രാജി സന്നദ്ധത അറിയിച്ചതാണ് ഇക്കൂട്ടത്തിൽ ഏറ്റവും പുതിയ വാർത്ത. ദില്ലിയിലെത്തി പ്രധാനമന്ത്രിയുടെ വസതിയിൽ വച്ച് നരേന്ദ്ര മോദിയെയും ജെ പി നദ്ദയെയും നേപരിൽ കണ്ടാണ് ഭൂപേന്ദ്ര ചൗധരി രാജി സന്നദ്ധത അറിയിച്ചത്.

എന്തായാലും തത്കാലം പ്രശ്നം കൂടുതൽ വഷളാകാതെ നോക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര നേതൃത്വം. തത്കാലം പരസ്യപ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് യോഗിക്കെതിരെ പരാതി ഉന്നയിച്ചവരോട് കേന്ദ്ര നേതൃത്വം നിർദേശം നൽക്കിക്കഴിഞ്ഞു. അതിനിടെ യോഗിക്കെതിരായ പടയൊരുക്കത്തിൽ ബി ജെ പിയെ പരിഹസിച്ച് എസ് പി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. ബി ജെ പിക്കുള്ളിൽ തന്നെ ‘ഓപ്പറേഷൻ താമര’ തുടങ്ങിയെന്നാണ് അഖിലേഷ് യാദവ് പരിഹസിച്ചത്.

പടയൊരുക്കം ഉപമുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ

ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ നേതൃത്വത്തിലാണ് ഉത്തർ പ്രദേശ് ബി ജെ പിയിൽ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെതിരായ പടയൊരുക്കം നടക്കുന്നത്. മൗര്യയടക്കമുള്ള നേതാക്കൾ നേരത്തെ തന്നെ കേന്ദ്ര നേതൃത്വത്തെ പരാതി അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്നുവെന്നതടക്കമുള്ള പരാതിയാണ് ഇവർ ഉയർത്തുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് സർക്കാർ സംവിധാനങ്ങൾ പാർട്ടിക്കെതിരായിരുന്നുവെന്ന വിമർശനം നേരത്തെ നേതാക്കൾ ഉയർത്തിയിരുന്നു. അമിത ആത്മവിശ്വാസമാണ് തോൽവിക്ക് കാരണമെന്നാണ് യോഗി ആദിത്യനാഥ് ലക്നൗവിൽ നടന്ന വിശാല നേതൃയോഗത്തിൽ പറഞ്ഞത്. എന്നാൽ സർക്കാറിനേക്കാൾ വലുത് സംഘടനയാണെന്നായിരുന്നു ഉപമുഖ്യന്ത്രി കേശവ് പ്രസാദ് മൗര്യയുടെ പ്രതികരണം. ഇതോടെ പാർട്ടിയും സർക്കാറും രണ്ടുതട്ടിലാണെന്നത് പരസ്യമായി. ഈ പശ്ചാത്തലത്തിൽ കേശവ് പ്രസാദ് മൗര്യ ദില്ലിയിലെത്തി ജെപി നദ്ദയെ കണ്ടിട്ടുണ്ട്.

യോഗിയുടെ ബുൾഡോസർ നയം തിരിച്ചടിയായെന്ന് മന്ത്രിയും സഖ്യകക്ഷിയായ നിഷാദ് പാർട്ടിയുടെ നേതാവുമായ സഞ്ജയ് നിഷാദും പ്രതികരിച്ചു. വിമർശനം ശക്തമായതിന് പിന്നാലെ ല്കനൗവിലെ നദീതീരത്തെ ആയിരം വീടുകൾ പൊളിച്ചുനീക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് റദ്ദാക്കിയിരുന്നു. യോഗിയെ മാറ്റി ഒബിസി വിഭാഗത്തിൽ നിന്നൊരാളെ മുഖ്യമന്ത്രിയാക്കണം എന്ന നിലപാടും ചില പാർട്ടി നേതാക്കൾക്കുണ്ട്. യോഗി പാർട്ടിക്കുള്ളിലും കരുത്തു നേടിവന്നിരുന്ന സാഹചര്യത്തിൽ യു പിയിൽ കാണുന്ന നീക്കങ്ങൾ കേന്ദ്ര നേതൃത്വത്തിന്‍റെ കൂടി ആറിവോടെയാണോ എന്ന സംശയവും ബലപ്പെടുന്നുണ്ട്.