Kerala

ആസിഫ് അലിയോട് ഖേദം പ്രകടിപ്പിച്ചു, രമേശ് നാരായണന് വീഴ്ച സംഭവിച്ചെന്ന് ബി ഉണ്ണികൃഷ്ണൻ

Spread the love

ആസിഫ് അലിയെ അവഹേളിച്ച സംഭവത്തിൽ രമേശ് നാരായണനോട് വിശദീകരണം തേടി ഫെഫ്‌ക. രമേശ് നാരായണന് വീഴ്ച സംഭവിച്ചെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ആസിഫ് അലിയോട് ഫെഫ്‌ക ഖേദം പ്രകടിപ്പിച്ചു. മ്യൂസിക് യൂണിയൻ ജനറൽ സെക്രട്ടറിയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

രമേശ് നാരായണൻ പക്വതയില്ലായ്മയാണ് കാണിച്ചത്. പരിപാടിയുടെ സംഘാടനത്തിൽ പിഴവ് വന്നുവെന്നും ബി ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.രമേശ്‌ നാരായണിന്റെ മാനസികാവസ്ഥ മനസിലാക്കാൻ സാധിക്കും. എന്നാൽ ആസിഫിനോടല്ല അത് കാണിക്കേണ്ടത്. വിവാദമായതോടെ രമേശ്‌ നാരായണ്‍ മാപ്പ് പറഞ്ഞത് മാതൃകാപരമാണ് എന്നും ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു.

വിഷയത്തിൽ ആസിഫ് അലിയുമായി സംസാരിച്ചതായി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു. ഇതൊന്നും സീരിയസ് ആയി കാണുന്നില്ല എന്നാണ് ആസിഫ് പറഞ്ഞത്. ആസിഫ് രമേശ് നാരായണിനെ അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി, വളരെ വിശാലമായാണ് പ്രതികരിച്ചത്, പക്വമായി ഇടപെട്ടുവെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

ആസിഫിനേയും അമ്മ നേതൃത്വത്തെയും ഖേദം അറിയിച്ചിട്ടുണ്ട്. വിവാദം ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.