Kerala

കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയ്ക്കും മകനും ദാരുണാന്ത്യം

Spread the love

പാലക്കാട്:പാലക്കാട് കോട്ടേക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു.വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നവരാണ് മരിച്ചത്. കോട്ടേക്കാട് കോടക്കുന്ന് വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകൻ രഞ്ജിത് എന്നിവരാണ് മരിച്ചത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം ആലത്തൂർ ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ രാത്രിയോടെയാണ് സംഭവം. ഒറ്റമുറി വീട്ടിലായിരുന്നു കിടപ്പുരോഗിയായ സുലോചനയും മകൻ രഞ്ജിത്തും കഴിഞ്ഞിരുന്നത്. സ്വകാര്യ ബസ് കണ്ടക്ടറാണ് രഞ്ജിത്ത്. ഇന്നലെ രാവിലെ മുതല്‍ പ്രദേശത്ത് ശക്തമായ കാറ്റും മഴയുമായിരുന്നു. രാത്രിയില്‍ വീടിന്‍റെ പിന്‍ഭാഗത്തെ ചുവര്‍ ഇടിഞ്ഞുവീഴുകയായിരുന്നു.

ഇവര്‍ കിടക്കുന്ന സ്ഥലത്തേക്കാണ് ചുവര്‍ ഇടിഞ്ഞുവീണത്. എന്നാല്‍, അപകടം സംഭവിച്ചത് ആരും അറിഞ്ഞിരുന്നില്ല. രാവിലെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടില്‍ നിന്നും മാറി താമസിക്കാൻ ഇവര്‍ തീരുമാനിച്ചിരുന്നുവെന്നും അതിനിടയിലാണ് അപകടമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

കണ്ണൂരില്‍ വെള്ളക്കെട്ടിൽ വീണ് സ്ത്രീ മരിച്ചു

സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം. കണ്ണൂരില്‍ വെള്ളക്കെട്ടിൽ വീണ് സ്ത്രീ മരിച്ചു. മട്ടന്നൂർ കോളാരിയിൽ കുഞ്ഞാമിനയാണ് (51) മരിച്ചത്. ഇന്നലെ വൈകിട്ട് വീടിനടുത്തുള്ള വയലിലാണ് അപകടം ഉണ്ടായത്. മൂന്നാർ ഗ്യാപ്പ് റോഡിൽ പലയിടത്തും മണ്ണിടിച്ചിൽ. ലോവർ പെരിയാർ വൈദ്യുതി നിലയത്തിലേക്ക് വീണ്ടും മണ്ണിടിഞ്ഞ് വീണ് രണ്ട് ഫീഡറുകൾ തകർന്നു. താമരശ്ശേരി, കുറ്റ്യാടി ചുരങ്ങളിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. താമരശ്ശേരി ചുരത്തിൽ ആറാം വളവിനും ഏഴാം വളവിനും ഇടയിലാണ് മരം വീണത്. ഫയർ ഫോഴ്‌സും ഹൈ വേ പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തി മരം മുറിച്ച് മാറ്റി. കുറ്റ്യാടി ചുരം റോഡിൽ മരം വീണതിനെ തുടർന്ന് തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു. കനത്ത മഴയില്‍ ആലുവ ശിവ ക്ഷേത്രം വെള്ളത്തിൽ മുങ്ങി.