Friday, January 3, 2025
Latest:
World

അമേരിക്കൻ തെരഞ്ഞെടുപ്പ്; പ്രസിഡന്റ് സ്ഥാനാർത്ഥിയായി ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി

Spread the love

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി ഡോണൾഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി. പാർട്ടിയുടെ ദേശീയ കൺവെൻഷനിലായിരുന്നു പ്രഖ്യാപനം. വെടിവെയ്പിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട ട്രംപ് വെടിയേറ്റ വലതുചെവിയിൽ ബാൻഡേജ് ധരിച്ചാണ് കൺവെൻഷനിൽ പങ്കെടുത്തത്. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്,​​ സൗത്ത് കാരലൈന മുൻ ഗവർണറും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി തുടങ്ങിയ മുൻനിര നേതാക്കൾ പങ്കെടുക്കുന്ന കൺവെൻഷൻ വ്യാഴാഴ്ച അവസാനിക്കും.

അതേസമയം, അമേരിക്കൻ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ജെ ഡി വാൻസിനെ പ്രഖ്യാപിച്ചു. സമഗ്ര കൂടിയാലോചനകൾക്ക് ശേഷമാണ് 39കാരനായ വാൻസിനെ തെരഞ്ഞെടുത്തതെന്ന് ഡോണൾഡ് ട്രംപ് സാമൂഹ്യ മാധ്യമങ്ങൾ വഴി അറിയിച്ചു. രാഷ്ട്രീയ എതിരാളികൾക്കെതിരെ കടുത്ത പരാമർശങ്ങൾ നടത്തുന്ന വ്യക്തിയാണ് ജെ ഡി വാൻസ്‌. നിലവിൽ ഒഹായോ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന യുഎസ് സെനറ്ററാണ് വാൻസ്. ജെ ഡി വാൻസിന്റെ ഭാര്യ ഉഷ ചിലുകുരി വാൻസ്‌ ഇന്ത്യൻ വംശജയാണ്. നേരത്തെ ട്രംപിന്റെ കടുത്ത വിമർശകനായിരുന്നു വാൻസ്‌.