Kerala

രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവം: 3 ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു

Spread the love

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒപി ബ്ലോക്കിൽ രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവത്തിൽ നടപടി. 2 ലിഫ്റ്റ് ഓപ്പറേറ്റർമാരെയും, ഡ്യൂട്ടി സാർജന്റിനെയും സസ്പെൻഡ് ചെയ്തു. അന്വേഷണവിധേയമായാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ, പ്രിൻസിപ്പൽ, സൂപ്രണ്ട് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി. ചികിത്സയ്ക്കെത്തിയ തിരുമല സ്വദേശി രവീന്ദ്രൻ നായർ ആണ് ലിഫ്റ്റിൽ കുടുങ്ങിയത്. ശനിയാഴ്ച രാവിലെ 11 മണിക്ക് ലിഫ്റ്റ് കയറിയ രോഗിയെ ഇന്ന് രാവിലെ ആറുമണിക്കാണ് കണ്ടെത്തിയത്. മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗത്തിന് സമീപമുള്ള ലിഫ്റ്റിലാണ് കുടുങ്ങിയത്.

രവീന്ദ്രൻ നായരെ കാണാതായെന്ന് കാട്ടി കുടുംബം മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റർ എത്തി തുറന്നപ്പോഴാണ് രവീന്ദ്രൻ നായരെ ലിഫ്റ്റിനുള്ളിൽ കണ്ടത്. ലിഫ്റ്റിന് തകരാർ ഉണ്ടെന്ന് മുന്നറിയിപ്പ് എഴുതി വെച്ചിരുന്നില്ലെന്നാണ് കുടുംബത്തിൻറെ ആരോപണം.