Saturday, November 23, 2024
Kerala

സിപിഐഎം ഭരിക്കുന്ന മൂന്നാർ സഹകരണ ബാങ്കിലെ ക്രമക്കേടിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് കത്തുമായി എസ് രാജേന്ദ്രൻ

Spread the love

മൂന്നാർ സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ സിപിഐഎം സംസ്ഥാന സെക്രട്ടറിക്ക് കത്ത് നൽകി. കഴിഞ്ഞദിവസമാണ് മാക്സി മൂന്നാർ എന്ന കമ്പനി രൂപീകരിച്ച് ബാങ്ക് നടത്തിയ ക്രമക്കേടുകളുടെ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നത്.

സിപിഐഎം ഭരിക്കുന്ന മൂന്നാർ സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് 2020 മുതൽ താൻ ഉന്നയിച്ച ആരോപണങ്ങളാണ് ഓഡിറ്റ് റിപ്പോർട്ടിൽ പുറത്തുവന്നിരിക്കുന്നതെന്നാണ് എസ് രാജേന്ദ്രൻ പറയുന്നത്. തോട്ടം തൊഴിലാളികളുടെ പണം അന്യാധീനപ്പെട്ട് പോകരുത്. ക്രമക്കേട് നടത്തിയ സിപിഐഎം നേതാക്കൾക്കെതിരായ അന്വേഷണം നിക്ഷ്പക്ഷമായിരിക്കണം എന്നുമാണ് എം വി ഗോവിന്ദന് നൽകിയ കത്തിൽ രാജേന്ദ്രൻ ആവശ്യപ്പെടുന്നത്. ബാങ്കിൻറെ ക്രമക്കേടുകൾ നേരെത്തെ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുത്തില്ലെന്നും എസ് രാജേന്ദ്രൻ.

2022-23 സാമ്പത്തിക വർഷത്തെ ഓഡിറ്റിലാണ് മൂന്നാർ സർവീസ് സഹകരണ ബാങ്കിൽ ഗുരുതര പിഴവുകൾ കണ്ടെത്തിയത്. സിപിഐഎം ഭരിക്കുന്ന സഹകരണ ബാങ്ക് മാക്സി മൂന്നാർ എന്ന കമ്പനി രൂപീകരിച്ച് കോടികളുടെ ക്രമക്കേട് നടത്തിയതായാണ് ഓഡിറ്റ് റിപ്പോർട്ടിൽ പുറത്തുവന്നത്.