‘അപകടത്തിന് കാരണം അശ്രദ്ധ’; ഹാഥ്റസ് ദുരന്തത്തില്‍ ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ഹാഥ്റസ് ദുരന്തത്തിൽ ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സിക്കന്ദർ റാവു സബ് ഡിവിഷണൽ മജിസ്ട്രേറ്റ് , സർക്കിൾ ഓഫീസർ, എസ്.എച്ച്.ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് സസ്പെൻഷൻ.
സംഘാടകർ സ്ഥലത്ത് മതിയായ സൗകര്യങ്ങൾ ഒരുക്കിയില്ലെന്നും 300 പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.സംഘാടകരുടെയും പൊലീസുൾപ്പെടെയുള്ള പ്രാദേശിക ഉദ്യോഗസ്ഥരുടെയും അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നുംമതിയായ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ ഇവർ പരാജയപ്പെട്ടുവെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു.ഉദ്യോഗസ്ഥർ സംഭവത്തെ ഗൗരവമായി എടുത്തില്ല. എസ്.ഡി.എം വേദി പരിശോധിക്കുകയോ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
ആൾദൈവം ഭോലെ ബാബയുടെ പേര് ഒഴിവാക്കിയാണ് റിപ്പോർട്ട് സമര്‍പ്പിച്ചത്. അപകടത്തിന് കാരണം സത്സംഗ് സംഘാടകരുടെ വീഴ്ചയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിക്കിലും തിരക്കിലും പെട്ടുണ്ടായ വൻ ദുരന്തക്കെറിച്ച് ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുന്നതിൽ ലോക്കൽ പൊലീസിന് വീഴ്ച സംഭവിച്ചെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 80,000 പേരെയാണ് സത്സംഗ് പ്രാർഥനാ സംഗമത്തിൽ പ്രതീക്ഷിച്ചിരുന്നതെന്നാണ് സംഘാടകർ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ രണ്ടര ലക്ഷം പേരാണ് പരിപാടിയിൽ പങ്കെടുത്തത്.
ഭോലെ ബാബയുടെ ജൂലൈ രണ്ടിന് നടന്ന സത്സംഗിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 121 പേര് മരിച്ചത്. സംഭവത്തിനു ശേഷം ബാബ ഒളിവിലാണ്. സത്സംഗിന്റെ സംഘാടകനായ മുഖ്യപ്രതി ദേവപ്രകാശ് മധുകറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.