പന്തയം ജയിക്കാൻ ഗുഡ്സ് ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥി മരിച്ചു
പന്തയം ജയിക്കാൻ ഗുഡ്സ് ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥി മരിച്ചു. ഇടപ്പള്ളി സ്വദേശി ആന്റണി ജോസ്(17)ആണ് മരിച്ചത്. 85 ശതമാനത്തിന് മുകളിൽ പൊള്ളൽ ഏറ്റിരുന്നു. രാത്രി ഏഴരയോടെയാണ് മരണം സംഭവിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് ആന്റണിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
പിറന്നാൾ ആഘോഷത്തിനിടെ സുഹൃത്തുക്കളുമായി പന്തയം വച്ച് ആന്റണി ട്രെയിനിന് മുകളിൽ കയറുകയായിരുന്നു. സുഹൃത്തുക്കൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച്ഓഫാണ്. വലിയ അളവിൽ പ്രവഹിച്ചുകൊണ്ടിരുന്ന വൈദ്യുതിലൈനിൽ നിന്നാണ് ആന്റണിക്ക് പൊള്ളലേറ്റത്. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെ അപകടം നടന്നത്. ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.
നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രൈനിന് മുകളിലാണ് 17കാരൻ കയറിയത്. ആന്റണിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം നാളെയോടുകൂടി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. എളമക്കര പൊലീസ് സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.