Sports

തടഞ്ഞിട്ട കിക്കില്‍ വിധിനിര്‍ണയം; ആവേശ പോരാട്ടത്തില്‍ ഇംഗ്ലണ്ട് സെമിയില്‍

Spread the love

യൂറോ കപ്പ് ക്വാര്‍ട്ടറില്‍ അധിക സമയവും കഴിഞ്ഞ് ഷൂട്ടൗട്ടിലേക്ക് നീണ്ട ഇംഗ്ലണ്ട്-സ്വിറ്റ്‌സര്‍ലാന്‍ഡ് മത്സരത്തില്‍ 5-4 എന്ന സ്‌കോറില്‍ ഇംഗ്ലണ്ട് വിജയിച്ച് ഇംഗ്ലണ്ട് സെമിയില്‍. കൃത്യമായ പാസുകളിലൂടെ ഇംഗ്ലണ്ട് ഗോള്‍മുഖത്ത് നിരന്തരം ആക്രമണം വിതച്ച സ്വിറ്റ്‌സര്‍ലാന്‍ഡ് തന്നെയാണ് കളിയില്‍ ആദ്യം ലീഡെടുത്തത്. രണ്ടാംപകുതി തുടങ്ങി 75-ാം മിനിറ്റിലായിരുന്നു മൊണാകോ അറ്റാക്കറായ ബ്രീല്‍ എംബോലയുടെ ഗോള്‍. വലതുവിങ്ങില്‍ നിന്ന് ബോക്‌സിലേക്ക് താഴ്ന്നു വന്ന ക്രോസില്‍ കാല്‍കൊണ്ട് ചെറിയൊരു സ്പര്‍ശനത്തിന്റെ മാത്രം ആവശ്യമെ ഉണ്ടായിരുന്നുള്ളു എംബോലെക്ക്. സ്‌കോര്‍ 1-0. ഗോളടിച്ചതിന് ശേഷം ഇംഗ്ലണ്ടും അവസരം വരുമ്പോള്‍ സ്വിറ്റ്‌സര്‍ലാന്‍ഡും ലക്ഷ്യം കാണാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

എംബോലയും ഫാബിയന്‍ റൈഡറുമെല്ലാം ഗോളിലേക്ക് പല തലണ ഉന്നം വെച്ചെങ്കിലും ഇംഗ്ലണ്ട് പ്രതിരോധനിരയുടെ അവസരോചിതമായ ഇടപെടലായിരുന്നു കണ്ടത്. മറുപുറത്ത് ഇംഗ്ലണ്ടും ആക്രമണങ്ങള്‍ നെയ്തു. ജൂഡ് ബെല്ലിങ്ഹാമും ബുകായ സാകയും ഫോഡനും ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. ഇതിന്റെ ഫലം 80-ാം മിനിറ്റില്‍ എത്തി. വലതുപാര്‍ശ്വത്തില്‍ നിന്ന് സാക തൊടുത്ത ഷോട്ട് സ്വിസ് വലയില്‍ കയറി. പിന്നീട് ഇരുടീമുകളും ലീഡ് എടുക്കാന്‍ നന്നായി ശ്രമിച്ചെങ്കിലും ഗോള്‍ അകന്നു. അധിക സമയത്തിന്റെ അവസാന നിമിഷങ്ങളില്‍ ഇംഗ്ലണ്ട് ഗോള്‍മുഖത്ത് സ്വിസ് താരങ്ങള്‍ ഇരമ്പിയാര്‍ത്തെങ്കിലും ഗോള്‍ മാത്രം അകലെയായിരുന്നു. നിശ്ചിത സമയവും അധികസമയവും ഇരുടീമുകളും രണ്ടാമതൊരു ഗോള്‍ അടിക്കാതെ വന്നതോടെ ഷുട്ടൗട്ടില്‍ കിക്കെടുക്കാനായി താരങ്ങള്‍ പാകപ്പെട്ടു. അതേ സമയം സ്വിറ്റ്‌സര്‍ലാന്‍ഡിനെ മറികടന്നതോടെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ലക്ഷ്യം പിഴക്കുന്നവര്‍ എന്ന ചീത്തപ്പേര് മാറ്റാനും ഇംഗ്ലണ്ടിനായി. കോള്‍ പാമര്‍, ജൂഡ് ബെല്ലിങ്ങാം, ബുകായോ സാക, ഇവാന്‍ ടോനി, ട്രെന്റ് അലക്‌സാണ്ടര്‍ എന്നിവരാണ് ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടത്. ഫാബിയന്‍ ഷാര്‍, ഷെര്‍ദാന്‍ ഷാക്കിരി, സെക്കി അംദോനി എന്നിവര്‍ സ്വിസിനായി സ്‌പോട്ട്കിക്ക് ഗോളുകള്‍ കണ്ടെത്തി.