CPIയുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയണം; പരസ്യ വിമർശനത്തിൽ CPIMന് കടുത്ത അതൃപ്തി
പാർട്ടിക്കെതിരായ സിപിഐയുടെ പരസ്യ വിമർശനത്തിൽ സി.പി.ഐ.എമ്മിന് കടുത്ത അതൃപ്തി. സി.പി.ഐ.എം നേതാക്കളെ സ്വർണ്ണക്കടത്തുകാരായും, സ്വർണ്ണം പൊട്ടിക്കലുകാരായും ചിത്രീകരിക്കുന്ന പ്രസ്താവനയെന്നാണ് സിപിഐഎം നേതാക്കളുടെ നിലപാട്. സിപിഐയുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയണമെന്ന ആലോചനയും സി.പി.ഐ.എം നേതൃത്വത്തിലുണ്ട്.
കണ്ണൂരിൽ നിന്നുള്ള സ്വർണം പൊട്ടിക്കലിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകൾ ചെങ്കൊടിക്ക് അപമാനമാണെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പരസ്യ വിമർശനം. പൊതുസമൂഹത്തിന് മുന്നിൽ ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചു. എന്നാൽ സിപിഐയുടെ തുറന്ന വിമർശനം സി.പി.ഐ.എമ്മിന് അത്രയും ദഹിച്ചിട്ടില്ല. സി.പി.ഐയുടെ പ്രസ്താവനയുടെ ഉള്ളടക്കത്തിൽ പ്രശ്നമുണ്ടെന്നാണ് സി.പി.ഐ.എം നേതാക്കൾ പറയുന്നത്.
സിപിഐഎമ്മിന്റെ നേതാക്കൾ സ്വർണ്ണം പൊട്ടിക്കലിനെയും, സ്വർണ്ണക്കടത്തിനേയും ന്യായീകരിക്കുന്നു എന്ന ധ്വനി സിപിഐയുടെ പ്രസ്താവനയിൽ ഉണ്ടെന്നാണ് സി.പി.ഐ.എം നേതാക്കളുടെ നിലപാട്.തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ തിരുത്തൽ നടപടിയിലേക്ക് പോകാൻ തീരുമാനിച്ചതിനിടയിൽ പ്രധാനഘടകകക്ഷിയിൽ നിന്ന് ഇത്രയും വലിയ വിമർശനം സി.പി.ഐ.എം പ്രതീക്ഷിച്ചതുമില്ല.വിമർശനങ്ങളുടെ ഉള്ളടക്കത്തെ ഉൾക്കൊള്ളുന്നുണ്ടെങ്കിലും പ്രസ്താവനയിലൂടെ സിപിഐ പറഞ്ഞു വച്ചതിനെ സി.പി.ഐ.എം അംഗീകരിക്കുന്നില്ല.
സിപിഐയുടെ പ്രസ്താവന പരസ്യമായി തള്ളിപ്പറയണമെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ സജീവമാണ്. തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കിടെ പ്രധാന ഘടക കക്ഷിക്കെതിരെ വിമർശനം ഉയർത്തിയാൽ അത് പ്രതിപക്ഷം ആയുധമാക്കുമോ എന്നുള്ള ആശങ്കയിലാണ് നേതൃത്വമുള്ളത്.എൽഡിഎഫ് യോഗത്തിലോ മറ്റോ സമാനമായ വിമർശനം സിപിഐ ഉയർത്തിയാൽ അതിന് മറുപടി പറഞ്ഞുപോകാമെന്ന ആലോചനയും സിപിഐഎം നേതൃത്വത്തിനുണ്ട്.