പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ഇന്ന് മുതൽ ടോൾ പിരിച്ച് തുടങ്ങും
പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ഇന്ന് മുതൽ ടോൾ പിരിച്ച് തുടങ്ങും. ടോൾ പ്ലാസ പരിസരത്ത് ഇത് സംബന്ധിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നോട്ടീസുകൾ പതിപ്പിച്ചിരുന്നു. ടോൾ പ്ലാസക്ക് സമീപത്തെ ആറ് പഞ്ചായത്തുകളിലെ യാത്രക്കാർക്കാണ് സൗജന്യം അനുവദിച്ചിരുന്നത്. എന്നാൽ ഇനി സൗജന്യയാത്ര അനുവദിക്കാൻ കഴിയില്ലെന്നാണ് കമ്പനി നിലപാട്.
ടോൾ കമ്പനി നീക്കത്തിനെതിരെ ജനകീയ വേദിയുടെ ഭാഗത്ത് നിന്ന് ഉൾപ്പെടെ പ്രതിഷേധമുണ്ട്. ഇന്നലെ രാത്രി മുതൽ ഡിവൈഎഫ്ഐ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ഇന്ന് 10 മണി മുതൽ ടോൾ പിരിക്കാനാണ് കമ്പനിയുടെ നീക്കം. ടോൾ കമ്പനി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് ജനകീയ വേദിയുടെ തീരുമാനം. 340 രൂപയാണ് പ്രദേശവാസികളുടെ വാഹനങ്ങൾക്ക് ഒരു മാസത്തേക്ക് നിശ്ചയിച്ചിരിക്കുന്നത്.
കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്തുകളിൽ ഉള്ളവർക്കായിരുന്നു ഇതുവരെ സൗജന്യ യാത്ര അനുവദിച്ചിരുന്നത്. ഇതാണ് കരാർ കമ്പനി റദ്ദാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ വടക്കഞ്ചേരി ജനകീയവേദി, പന്തലാംപാടം ജനകീയ കൂട്ടായ്മ, കേരള വ്യാപാരി സംരക്ഷണ സമിതി, സ്കൂൾ വെഹിക്കിൾ ഓപ്പറേറ്റേഴ്സ് യൂണിയൻ എന്നിവ സമരം നടത്തിയിരുന്നു.