സിദ്ധാര്‍ത്ഥന്‍റെ മരണം; കോളജ് അധികൃതരെ കുറ്റപ്പെടുത്തി അന്വേഷണ കമ്മീഷൻ, റിപ്പോർട്ട് കൈമാറി
കൽപ്പറ്റ: സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ നാരായണൻ, മുൻ അസി. വാഡൻ പ്രൊഫസർ കാന്തനാഥൻ എന്നിവർക്ക് ജാഗ്രതക്കുറവുണ്ടായെന്നാണ് കണ്ടെത്തൽ. റിപ്പോട്ട് അന്വേഷണ കമ്മീഷൻ വൈസ് ചാൻസലർക്ക് കൈമാറി.
വിഷയത്തിൽ ഡീൻ എംകെ നാരായണൻ കൃത്യമായി ഇടപെട്ടില്ല. അസി. വാഡൻ ഹോസ്റ്റലിൽ ഒന്നും ശ്രദ്ധിച്ചില്ല.
വിദ്യാർത്ഥികളുമായി ഒരു ബന്ധവുമില്ലായിരുന്നുവെന്നാണ് അന്വേഷണ കമ്മീഷൻ വിമർശനം. ഇരുവരും നിലവിൽ സസ്പെഷനിലാണ്. വെറ്റിനറി സർവകലാശാല വിസി നിയമിച്ചത് 3 അംഗ കമ്മീഷനെയാണ്. സിദ്ധാർത്ഥൻ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂര മർദനത്തിനും ഇരയായത് പൂക്കോട് ക്യാമ്പസിൽ വച്ചാണ്. ചുമതലയുളള ഡീനും ഹോസ്റ്റൽ ചുമതലയുള്ള അസി. വാഡനും വീഴ്ച പറ്റിയെന്ന് കാട്ടി സർവകലാശാല ഇരുവരേയും സസ്പെൻഡ് ചെയ്തിരുന്നു.
കൂടുതൽ നടപടി സ്വീകരിക്കണോ എന്ന് പരിശോധിക്കാനാണ് വൈസ് ചാൻസലറായിരുന്ന പിസി ശശീന്ദ്രൻ മൂന്നംഗ അന്വേഷണ കമ്മീഷനെ വച്ചത്. മാർച്ച് 6നാണ് കമ്മീഷനെ വച്ചത്. മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. അക്കാദമിക് ഡയറക്ടർ സി ലത അധ്യക്ഷയായുള്ള കമ്മീഷൻ കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചു.
അതിക്രൂര മർദനം സിദ്ധാർത്ഥൻ നേരിട്ടിട്ടും ഡീൻ കാര്യക്ഷമമായി ഇടപെട്ടില്ല എന്നാണ് പ്രൊഫ എംകെ നാരായണനെതിരായ കണ്ടെത്തൽ.
ആൺകുട്ടികളുടെ ഹോസ്റ്റിലെ വാഡനായിരുന്ന ഡോ.കാന്തനാഥിനും വീഴ്ചുണ്ടായി. ഹോസ്റ്റലിലെ വിദ്യാർത്ഥികളുമായി
യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്നാണ് വിമർശനം. അതാണ് ആൾക്കൂട്ട വിചാരണ നടന്നിട്ടും വാഡൻ തിരിച്ചറിയാതെ പോയതെന്ന് റിപ്പോർട്ടിലുണ്ട്. സമാന സംഭവങ്ങൾ നേരത്തെ ഉണ്ടായിട്ടും അറിയാത്തത് അസി വാഡൻ്റെ ജാഗ്രക്കുറവെന്നാണ് കണ്ടെത്തൽ. ഫെബ്രുവരി 18നാണ് സിദ്ധാർത്ഥൻെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ 19 വിദ്യാർത്ഥികൾ പ്രതികളാണ്. സിബിഐ കേസിൽ കുറ്റപത്രം നൽകിയിട്ടുണ്ട്.