വിമാന ടിക്കറ്റിന്റെ കാര്യത്തില്‍ പ്രവാസികള്‍ വലിയ ചൂഷണം നേരിടുന്നു, കേന്ദ്രസര്‍ക്കാര്‍ ഇടപെടാന്‍ തയാറാകുന്നില്ല; വിമര്‍ശിച്ച് മന്ത്രി എം ബി രാജേഷ്
വിമാന ടിക്കറ്റിന്റെ കാര്യത്തില്‍ പ്രവാസികള്‍ വലിയ ചൂഷണം നേരിടുന്നുണ്ടെന്ന് മന്ത്രി എം ബി രാജേഷ്. ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇടപെടുന്നില്ലെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. ലോക മലയാളി എന്ന സങ്കല്പം വളര്‍ത്തിയെടുക്കുന്ന സുപ്രധാന ചുവടുവെപ്പാണ് ലോക കേരള സഭയെന്നും മന്ത്രി പറഞ്ഞു.
വര്‍ഷങ്ങളായി പ്രവാസികള്‍ നേരിടുന്ന വിമാന കമ്പനിയുടെ ടിക്കറ്റ് ചൂഷണത്തില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്ന് മന്ത്രി എം.ബി.രാജേഷ് സഭയില്‍ കുറ്റപ്പെടുത്തി. മാറി മാറി വന്ന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ഇടപെടുമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. സംസ്ഥാന സര്‍ക്കാരിന് ഇതില്‍ ഇടപെടുന്നതിന് പരിമിതിയുണ്ട്. ഈ പ്രശ്നത്തില്‍ ഇടപെടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഒറ്റക്കെട്ടായി ഇതിന് പരിഹാരം കാണാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.
ലോകകേരള സഭക്കെതിരെ വലിയ പ്രചരണങ്ങള്‍ ആദ്യഘട്ടത്തില്‍ നടന്നിരുന്നു. ഇപ്പോള്‍ അത്തരം പ്രചരണങ്ങള്‍ നടത്തിയവര്‍ ക്ഷീണിച്ച് അതില്‍ നിന്ന് പിന്മാറുന്നു ധൂര്‍ത്ത് എന്ന് പറഞ്ഞവര്‍ക്ക് അതില്‍ നിന്ന് ഇപ്പോള്‍ പിന്മാറേണ്ടി വന്നുവെന്ന് മന്ത്രി പറയുന്നു. കുവൈത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ വളരെപ്പെട്ടെന്ന് തന്നെ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കുവൈത്തിലേക്ക് അയക്കാന്‍ ശ്രമിച്ചെങ്കിലും കേന്ദ്രം അനുമതി നല്‍കിയില്ലെന്നും ഇതു കേന്ദ്രത്തിന്റെ രാഷ്ട്രീയ പ്രതികാര മനോഭാവമാണെന്നും മന്ത്രി എം.ബി. രാജേഷ് വിമര്‍ശിച്ചു.