ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം; കൊടിക്കുന്നിൽ സുരേഷ് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു; എൻഡിഎ സ്ഥാനാർത്ഥി ഓം ബിർല
ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം. ഇന്ത്യാ സഖ്യ സ്ഥാനാർത്ഥിയായ കൊടിക്കുന്നിൽ സുരേഷ് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. എൻഡിഎ സ്ഥാനാർത്ഥി ഓം ബിർല ഉടൻ നാമനിർദേശ പത്രിക നൽകും. ബിജെപി തീരുമാനം സഖ്യകക്ഷികളെ അറിയിച്ചു.
സ്പീക്കർ സ്ഥാനത്തേക്കുള്ള മത്സരം ഒഴിവാക്കാൻ സമവായ സാധ്യത തേടി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രതിപക്ഷ നേതാക്കളെ കണ്ടിരുന്നു. സ്പീക്കർ തെരഞ്ഞെടുപ്പിൽ സമവായം വേണമെങ്കിൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകണം എന്നായിരുന്നു പ്രതിപക്ഷ നിലാപാട്. ഇക്കാര്യം സർക്കാരിനെ അറിയിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ സഭയിൽ ഡപ്യൂട്ടി സ്പീക്കറെ നിയമിക്കാൻ സർക്കാർ തയാറായിരുന്നില്ല. ഇക്കുറി ഡപ്യൂട്ടി സ്പീക്കർ സ്ഥാനത്തിന് പ്രതിപക്ഷത്തിന് അവകാശമുണ്ടെന്ന് ഇന്ത്യാ സഖ്യം വ്യക്തമാക്കിയിരുന്നു. രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള എംപിയാണ് ഓം ബിർല. തുടർച്ചയായി മൂന്നാം തവണയാണ് അദ്ദേഹം ലോക്സഭയിലെത്തുന്നത്. 17-ാം ലോക്സഭയിലെ സ്പീക്കറായാരുന്നു. ഇത് രണ്ടാം തവണയാണ് ലോക് സഭാ സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിരലയെ എൻഡിഎ പരിഗണിക്കുന്നത്.