Kerala

ശക്തമായ കാറ്റിലും പേമാരിയിലും ആലപ്പുഴയിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ; വളർത്തു മൃഗങ്ങൾക്കും പരിക്ക്

Spread the love

എടത്വ: ശക്തമായ കാറ്റിലും പേമാരിയിലും തലവടി, തകഴി പ്രദേശങ്ങളിൽ വ്യാപക നാശം. മരങ്ങൾ കടപുഴകിവീണു വീടും തൊഴുത്തും പാടശേഖര പുറംബണ്ടിൽ കെട്ടിയിരുന്ന വള്ളവും തകർന്നു. തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കൾക്ക് പരിക്കേറ്റു. നിരവധി വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞുവീണു.

തലവടി പഞ്ചായത്ത് 11-ാം വാർഡിൽ വരിക്കോലിൽ പ്രസന്ന കുമാറിന്റെ വീടിന്റേയും തൊഴുത്തിന്റെയും മുകളിലാണ് മഹാഗണി മരം കടപുഴകി വീണത്. മരം വീണ് വീടും തൊഴുത്തും ഭാഗികമായി തകർന്നു. തൊഴുത്തിൽ കെട്ടിയിരുന്ന ഗർഭിണിയായ പശുവിനും മറ്റൊരു പശുവിനും പരിക്കേറ്റിട്ടുണ്ട്. മരം കടപുഴകി വീഴുമ്പോൾ ഗൃഹനാഥനായ പ്രസന്നകുമാർ, ഭാര്യ പൊന്നമ്മ, മരുമക്കളായ സൗമ്യ, മനിഷ, സ്കൂൾ കുട്ടികളായ പാർത്ഥൻ, അച്ചു, കൈകുഞ്ഞായ അമ്പാടി എന്നിവർ വീടിനുള്ളിൽ ഉണ്ടായിരുന്നു. ഇവർ പരിക്കേൽക്കാരെ രക്ഷപ്പെട്ടു.

തകഴി പഞ്ചായത്ത് ഏഴാം വാർഡിൽ നന്ത്യാട്ടുകരി പാടശേഖരത്തെ കരിയിൽ പുരയിടത്തിൽ നിന്ന തെങ്ങ് കടപുഴകിവീണ് പുറംബണ്ടിൽ കെട്ടിയിട്ടിരുന്ന വള്ളം തകർന്നു. സമീപത്ത് നിന്ന മൂന്നോളം വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞുവീണു. പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്. എടത്വാ-തകഴി സംസ്ഥാന പാതയിൽ ചെക്കിടിക്കാട് മിൽമ ജംഗ്ഷന് സമീപത്ത് നിന്ന മരം കടപുഴകി വീണെങ്കിലും ഗതാഗത തടസ്സം സൃഷ്ടിച്ചില്ല. നടപാതയോട് ചേർന്നാണ് മരം കടപുഴകി വീണത്. നിരവധി വാഴകളും കരകൃഷിയും നശിച്ചിട്ടുണ്ട്. തകഴിയിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി പ്രസന്നന്റെ വീടിന് മുകളിൽ വീണ മരം മുറിച്ചുമാറ്റി.