Kerala

പനങ്ങാട് ബസ് അപകടം; ബസിന്റെ പിൻഭാഗത്തെ ടയറിന് തേയ്മാനം ഉണ്ടായിരുന്നു: MVD റിപ്പോർട്ട്

Spread the love

പനങ്ങാട് ബസ് അപകടത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട് ട്വന്റിഫോറിന്. സിഗ്നലിൽ പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് ബസിന്റെ നിയന്ത്രണം വിടാൻ കാരണമെന്നാണ് വിവരം. ബസിന്റെ പിൻഭാഗത്ത് ടയറിന് തേയ്മാനം ഉണ്ടായിരുന്നെന്ന് എംവിഡി കണ്ടെത്തി. മഴ അപകടത്തിന്റെ ആഘാതം കൂട്ടിയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. കല്ലട ബസായിരുന്നു അപകടത്തിൽപ്പെട്ടിരുന്നത്.

ബസിൽ നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടില്ല. ബസ് ഡ്രൈവർ ക്ഷീണിതനായിരുന്നെന്ന് എംവിഡി പറയുന്നു. തൃപ്പൂണിത്തുറ, എറണാകുളം എംവിഐമാരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ബസ് അമിതവേഗതയിലായിരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നെങ്കിലും എംവിഡി അത് തള്ളിയിരുന്നു. ബെംഗ്ലൂരുവിൽ നിന്ന് മൈസൂരുവിലേക്ക് പോകുന്ന ബസായിരുന്നു അപകടത്തിനിടയായത്.

അപകടത്തിൽ എട്ടു പേർക്ക് പരുക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. നിയന്ത്രണം തെറ്റി ട്രാഫിക് സി​ഗ്നലിൽ ഇടിച്ചായിരുന്നു ബസ് മറിഞ്ഞത്. ഈ സമയം ബൈക്ക് യാത്രികനായ വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യൻ ബസിനടിയിൽപ്പെടുകയും ചെയ്തു. 25 മിനിറ്റോളം ബസിനടിയിൽ കുടുങ്ങിക്കിടന്നിരുന്നു. ആശുപത്രിയിൽ‌ കൊണ്ടുപോകുന്ന വഴിയാണ് ജിജോ മരിച്ചത്. മാടവന ജങ്ഷനിൽ ഞായറാഴ്ച രാവിലെ ആയിരുന്നു അപകടം.