Kerala

ചമ്പക്കുളം മൂലം വള്ളംകളി; വലിയ ദിവാൻജി ചുണ്ടൻ ജേതാക്കൾ

Spread the love

ചമ്പക്കുളം മൂലം വള്ളംകളിയിൽ വലിയ ദിവാൻജി ചുണ്ടൻ ജേതാക്കൾ. ആലപ്പുഴ ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ ചുണ്ടനാണ് രാജപ്രമുഖൻ ട്രോഫി. നടുഭാഗം ചുണ്ടൻ രണ്ടാമത്. ചമ്പക്കുളം ചുണ്ടന് മൂന്നാംസ്ഥാനം. കഴിഞ്ഞ വർഷം നടുഭാഗം ചുണ്ടനായിരുന്നു ജേതാക്കൾ. ആറ് ചുണ്ടൻ അടക്കം എട്ട് വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി മത്സരരംഗത്ത് ഉണ്ടായിരുന്നത്

കുമരകം ടൗൺ ബോട്ട് ക്ലബ്ബാണ് നടുഭാഗം ചുണ്ടൻ തുഴഞ്ഞത്. കുമരകം എൻസിഡിസി ബോട്ട് ക്ലബ്ബാണ് ചമ്പക്കുളം ചുണ്ടന് തുഴഞ്ഞത്. ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് പമ്പയാറ്റിൽ മത്സരങ്ങൾക്ക് തുടക്കമായത്. അഞ്ചു മണിയോടെ വള്ളങ്ങളുടെ ഫൈനൽ മത്സരം ആരംഭിച്ചു. കേരളത്തിലെ ജലോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന വള്ളംകളിയായ ചമ്പക്കുളം മൂലം വള്ളംകളി ചരിത്ര പ്രസിദ്ധമാണ്.

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിന്റെ ഭാഗമായാണ് മത്സര വള്ളംകളി നടക്കുന്നത്. പത്തനംതിട്ടയിലെ ആറന്മുള ഉതൃട്ടാതി വള്ളംകളി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും പുരാതനമായ വള്ളംകളിയാണ് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ചമ്പക്കുളം വള്ളംകളി.