Kerala

സിറോ മലബാർ സഭയിലെ കുർബാന തർക്കം; കടുത്ത നിലപാട് പാടില്ലെന്ന് 5 ബിഷപ്പുമാർ, മേജർ ആർച്ച് ബിഷപ്പിന് കത്ത് നൽകി

Spread the love

കൊച്ചി: സിറോ മലബാർ സഭയിലെ കുർബാന തർക്കത്തിൽ കടുത്ത നടപടി പാടില്ലെന്ന് അഞ്ച് ബിഷപ്പുമാർ. ഇക്കാര്യം ആവശ്യപ്പെട്ട് ഇവർ സഭ സിനഡിന് കത്ത് നൽകി. സിനഡ് ചേരും മുമ്പ് മേജർ അർച്ച് ബിഷപ്പ് സർക്കുലർ പുറത്തിറക്കിയത് ശരിയായില്ലെന്നും ഇവർ പറയുന്നു.

എറണാകുളം – അങ്കമാലി അതിരൂപയിൽ ഉൾപ്പെട്ട അഞ്ച് ബിഷപ്പുമാരാണ് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന് കത്ത് നൽകിയത്. ജൂലൈ നാലാം തീയ്യതിക്ക് ശേഷം ഏകീകൃത കുർബാന ചൊല്ലാത്ത വൈദികരെ പുറത്താക്കുമെന്ന് കാണിച്ച് സർക്കുലർ ഇറക്കിയത് ശരിയായില്ലെന്നതാണ് ഇവരുടെ നിലപാട്. ഇക്കാര്യത്തിൽ തീരുമാനം എടുക്കുന്നതിന് വേണ്ടിയാണ് സഭ സിന‍ഡ് വിളിച്ചത്. സിന‍ഡ് ചേരും മുമ്പ് ഇത്തരമൊരു സർക്കുലർ പുറത്തിറക്കിയതിന് പിന്നിൽ ആരെണെന്നും ഇതിന് പിന്നിൽ ആരുടെ നിഗൂഢ തന്ത്രമാണെന്നും ബിഷപ്പുമാർ മേജർ ആർച്ച് ബിഷപ്പിനോട് ചോദിക്കുന്നു

സിനഡാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് നേരത്തെ മാർപ്പാപ്പ തന്നെ മേജർ ആർച്ച് ബിഷപ്പിനോട് പറഞ്ഞിരുന്നുവെന്നും, എന്നാൽ സിനഡ് ചേരും മുമ്പ് ഏകപക്ഷീയമായ തീരുമാനമെടുത്തത് ശരിയായില്ല. ഏകീകൃത കുർബാന ചൊല്ലണമെന്നാവശ്യപ്പെട്ട് രൂപതയ്ക്ക് നൽകിയ കത്തിൽ തങ്ങളും ഒപ്പിരുന്നതാണ്. മേജർ ആർച്ച് ബിഷപ്പ് കാഴ്ചക്കാരനായി നിൽക്കുകയാണോ എന്നും ബിഷപ്പുമാർ ചോദിക്കുന്നു. കത്ത് നൽകിയ വിവരം സ്ഥിരീകരിച്ച ബിഷപ്പുമാർ, തങ്ങളുടെ വിയോജനക്കുറിപ്പാണ് നൽകിയതെന്നും അറിയിച്ചു.