ബോംബ് രാഷ്‌ട്രീയം സിപിഐഎം ശക്തികേന്ദ്രങ്ങളിൽ തുടർക്കഥയാകുന്നു, ബോംബ് പൊട്ടിത്തെറിച്ചത് പാർട്ടി ഗ്രാമത്തിൽ: കെ. സുരേന്ദ്രൻ
ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കണ്ണൂരിലെ സിപിഐഎം ശക്തികേന്ദ്രങ്ങളിൽ ഇത്തരം സംഭവങ്ങൾ തുടർക്കഥയായാണെന്നും പാർട്ടി ഗ്രാമത്തിലാണ് സ്ഫോടനം ഉണ്ടായതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
കണ്ണൂരിലെ സമാധാന അന്തരീക്ഷം തകർക്കാൻ പാർട്ടിക്കാർ തന്നെ ശ്രമിക്കുന്നു. ഇതിനായി പാർട്ടി സഖാക്കൾ അക്രമം അഴിച്ചുവിടുകയാണെന്നും സുരേന്ദ്രൻ വിമർശിച്ചു. പാർട്ടി ഗ്രാമത്തിൽ സ്വാധീനമുള്ള നേതാക്കളാണ് പലരും. നേതൃത്വത്തിനെതിരെ അഴിമതിക്കഥകൾ ഉണ്ടാകുമ്പോൾ ശ്രദ്ധ തിരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന സംശയവും ഉയരുകയാണ്.
ക്രിമിനൽ ബന്ധം വ്യാപകമായി ഉപയോഗിച്ച് മാഫിയ പ്രവർത്തനം നടത്തുന്നു. കണ്ണൂരിൽ സംഘർഷാവസ്ഥ തിരികെ കൊണ്ടുവരികയാണ് ഇവരുടെ ലക്ഷ്യം. ഇവർക്ക് ബോംബ് നിർമിക്കാൻ ആരാണ് അനുമതി നൽകിയത്? ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം കൃത്യമായി നടക്കുന്നില്ല. കേസ് ഒതുക്കി തീർക്കാൻ ഉന്നത സിപിഐഎം നേതാക്കൾ തന്നെയാണ് ശ്രമിക്കുന്നത്. ഇത്തരത്തിൽ ബോംബുകൾ പൊട്ടിത്തെറിക്കുന്നതിലും കണ്ടെത്തുന്നതിലും കൃത്യമായ അന്വേഷണം വേണമെന്നും സുരേന്ദ്രൻ പറഞ്ഞു.