കണ്ണൂരിൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ച സംഭവം; ബോംബിന്റെ ഉറവിടം കണ്ടെത്താൻ ശ്രമം; അന്വേഷണം ഊർജിതമാക്കി പൊലീസ്
കണ്ണൂർ, തലശ്ശേരിയിലെ എരഞ്ഞോളിയിൽ തേങ്ങ ശേഖരിക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. സ്ഫോടനം നടന്ന ആളൊഴിഞ്ഞ പറമ്പിൽ ബോംബ് എങ്ങനെ വന്നുവെന്നതിൽ ദുരൂഹത തുടരുകയാണ്. കൊല്ലപ്പെട്ട വേലായുധന് എവിടെനിന്നാണ് ബോംബ് ലഭിച്ചത് എന്നതിലും വ്യക്തത വന്നിട്ടില്ല.
തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ന്യൂ മാഹിയിൽ രൂപപ്പെട്ട സിപിഐ എം- ബിജെപി സംഘർഷത്തിന് പിന്നാലെ പൊലീസ് പലയിടങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. ഈ ഘട്ടത്തിൽ ബോംബ് മാറ്റിയതാകാൻ സാധ്യതയുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്. അതേസമയം മേഖലയിൽ നിന്ന് കൂടുതൽ ബോംബുകൾ കണ്ടെത്താനായിട്ടില്ല.
പോലീസ് റെയ്ഡ് മറികടക്കാനായി ഉപേക്ഷിച്ചതോ സൂക്ഷിച്ചതോ ആയ ബോംബാകാം പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. തേങ്ങ പെറുക്കാൻ പോയ വയോധികനാണ് ബോംബ് പൊട്ടി മരിച്ചത്. ബോംബ് ആണെന്ന് അറിയാതെ തുറന്നപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ ഉച്ചയോടെയാണ് സംഭവം.