കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം അതീവ നിരാശാജനകം; വിലയിരുത്തലുമായി സീതാറാം യെച്ചൂരി
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഐഎമ്മിന്റെ പ്രകടനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം അതീവ നിരാശാജനകമാണെന്നാണ് യെച്ചൂരിയുടെ വിലയിരുത്തല്‍. സിപിഐഎം ദേശീയ തലത്തിലെ അവലോകന റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി ഗൗരവതരമായ തിരുത്തല്‍ നടപടികളിലേക്ക് കടക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ അഭിപ്രായമുയര്‍ന്നിരുന്നു. പാര്‍ട്ടി വോട്ടുകള്‍ ഉള്‍പ്പെടെ ചോര്‍ന്നെന്ന വിലയിരുത്തലുകള്‍ സിപിഐഎം സെക്രട്ടറിയേറ്റ് നടത്തിയതിന് പിന്നാലെയാണ് അവലോകന റിപ്പോര്‍ട്ട്. ഈഴവ വോട്ടുകള്‍ ചോര്‍ന്നെന്നും ക്രിസ്ത്യന്‍, മുസ്ലീം വോട്ടുകള്‍ പാര്‍ട്ടിയ്ക്ക് അനുകൂലമായ വിധത്തില്‍ വന്നില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയിട്ടുണ്ട്.
സര്‍ക്കാരും പാര്‍ട്ടിയും തങ്ങളുടെ മുഖച്ഛായ മാറ്റണമെന്ന അഭിപ്രായ പ്രകടനമാണ് സിപിഐഎം യോഗങ്ങളില്‍ ഉയര്‍ന്നുവരുന്നത്. ക്ഷേമപെന്‍ഷനുകള്‍ കൃത്യമായി വിതരണം ചെയ്യാത്തത് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. ഭരണവിരുദ്ധ വികാരമില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ഭിന്നാഭിപ്രായമാണ് സിപിഐഎം യോഗത്തില്‍ ഉയരുന്നത്. തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനങ്ങളുമായി സിപിഐ ഉള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്.