Thursday, February 27, 2025
Latest:
Kerala

അരളിപ്പൂ കഴിച്ചെന്ന് സംശയം; കോലഞ്ചേരിയിൽ രണ്ട് വി​ദ്യാർത്ഥിനികൾ ആശുപത്രിയിൽ

Spread the love

അരളിപ്പൂ കഴിച്ചെന്ന സംശയത്തെ തുടർന്ന് എറണാകുളത്ത് രണ്ട് വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോലഞ്ചേരി കടയിരിപ്പ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികൾക്കാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്.
സ്കൂളിലേക്ക് വരും വഴി അരളിപ്പൂവ് കഴിച്ചതായി കുട്ടികൾ ഡോക്ടറോട് പറഞ്ഞു. കുട്ടികളുടെ രക്ത സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. 24 മണിക്കൂർ കർശന നിരീക്ഷണത്തിലാണ് വിദ്യാർത്ഥികൾ. രക്ത പരിശോധനയുടെ ഫലം വന്ന ശേഷമേ അരളിപ്പൂവിന്റെ വിഷാംശം ഉള്ളിൽച്ചെന്നിട്ടുണ്ടോ എന്ന് വ്യക്തമാകൂ.

സൂര്യ സുരേന്ദ്രൻ എന്ന 24 കാരിയുടെ മരണം അരളിപ്പൂവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വഴിവച്ചതിന് പിന്നാലെ പൂജകൾക്കും പ്രസാദത്തിനും അരളി ഉപയോ​ഗിക്കുന്നത് നിയന്ത്രിക്കണമെന്ന് ഉത്തരവുണ്ടായിരുന്നു. ക്ഷേത്രങ്ങളിൽ അരളിപ്പൂ ഉപയോ​ഗിക്കരുതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ഉത്തരവിറക്കിയത്.

ഈ സംഭവത്തിനു ശേഷം തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ അരളിയില കഴിച്ച് ആറ് പശുക്കൾ ചത്തിരുന്നു. പറമ്പിൽ നിന്ന് വെട്ടികളഞ്ഞ അരളി തീറ്റയ്ക്ക് ഒപ്പം പശുക്കൾക്ക് അബദ്ധത്തിൽ നൽകിയതാണ് മരണ കാരണം.