Kerala

രണ്ടാം നിലയില്‍ നിന്ന് ചാടി ജീവിതത്തിലേക്ക്, ഒപ്പം നാലു പേരെയും രക്ഷിച്ച് അനിൽ കുമാർ

Spread the love

കുവൈറ്റിൽ കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെടാനായി രണ്ടാം നിലയിൽ നിന്ന് ചാടുന്നതിനൊപ്പം നാല് പേരെ കൂടി രക്ഷിച്ചാണ് തിരുവല്ല സ്വദേശി അനിൽ കുമാർ ജീവിതത്തിലേക്ക് തിരികെയെത്തിയത്. രണ്ടാം നിലയിൽ നിന്നുള്ള ചാട്ടത്തിൽ കാലിനു പരുക്ക് പറ്റി ചികിത്സയിലാണ് അനിൽകുമാർ. ഗാര്‍മെന്‍റ് സെയില്‍സ് മേഖലയിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. 17 വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്യുന്ന ആളാണ് അനില്‍ കുമാര്‍.

ജോലിക്ക് പോകുന്നതിനായി എന്നും പുലർച്ചെ എഴുന്നേൽക്കുന്ന ശീലമുണ്ട്. പ്രാഥമിക കൃത്യം നിർവഹിച്ചുകൊണ്ടിരിക്കെയാണ് കനത്ത ചൂടും പുകയും അനുഭവപ്പെട്ടത്. കനത്ത പുക റൂമിലേക്ക് അടിച്ചുകയറുകയും ശ്വാസം മുട്ടൽ അനുഭവപ്പെടുകയും ചെയ്തു. ആളുകളെ ഉണർത്താൻ ശ്രമിച്ചു. അതിരാവിലെ ആയതിനാൽ പലരും ഉറങ്ങുകയായിരുന്നു.

മറ്റു റൂമുകളിലെയും കതകിൽ തട്ടി എല്ലാവരെയും വിളിച്ചുണർത്തി. താനും നാല് സുഹൃത്തുകളും കോണിപടി ഇറങ്ങി രക്ഷപ്പെടാനായി ശ്രമിച്ചപ്പോൾ സാധ്യമല്ലെന്ന് മനസിലായി. രണ്ടാമത്തെ നിലയിൽ നിന്ന് ചാടുകയായിരുന്നു ഏക പോംവഴി. ഞങ്ങൾ പുറത്തേക്ക് എടുത്തുചാടി. കൂടെയുള്ള നാലുപേരും രക്ഷപ്പെട്ടുവെന്നും അനിൽ കുമാർ പറഞ്ഞു.

വീഴ്ചയിൽ അനിൽ കുമാറിന്റെ കാലിന് പരുക്കുണ്ട്. ഉപ്പൂറ്റിക്കും കണങ്കലിനും ഗുരുതര പരിക്കേറ്റത്തിനാൽ ഡോക്ടർമാർ ശസ്ത്രക്രിയയ്‌ക്ക് നിർദേശിച്ചിട്ടുണ്ട്. 23 മലയാളികൾ ഉൾപ്പെടെ 50 പേരാണ് കുവൈത്തിലെ മംഗഫിലുണ്ടായ ദുരന്തത്തിൽ മരിച്ചത്.