ജമ്മു ഭീകരാക്രമണം: കൊല്ലപ്പെട്ട തീർത്ഥാടകർ യുപി സ്വദേശികൾ; ഡ്രൈവർ അടക്കം 4 പേർ മരിച്ചത് വെടിയേറ്റ്
ദില്ലി : ജമ്മുകശ്മീരിലെ റീസിയിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട തീർത്ഥാടകർ യുപി സ്വദേശികളെന്ന് പൊലീസ്. ഇവരെ പൂർണ്ണമായി തിരിച്ചറിഞ്ഞിട്ടില്ല. വാഹനത്തിന്റെ ഡ്രൈവർ ഉൾപ്പെടെ കൊല്ലപ്പെട്ട നാല് പേർ മരിച്ചത് വെടിയേറ്റാണ്. ഭീകരർക്കായി തെരച്ചിൽ തുടരുന്നതായി സുരക്ഷ സേന അറിയിച്ചു. മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ സമയത്ത് നടന്ന ഭീകരാക്രമണത്തെ കുറിച്ച് പ്രധാനമന്ത്രി വിവരങ്ങൾ തേടിയതായും കർശന നടപടിക്ക് നിർദേശം നൽകിയതായും ജമ്മു കശ്മീർ ലഫ്.ഗവർണർ അറിയിച്ചു
ആക്രമണം നടത്തിയ ഭീകരരെ കുറിച്ച് സൂചന ലഭിച്ചതായി സൈന്യം അറിയിച്ചു.ഇന്നലെ വൈകിട്ടോടെയാണ് തീർഥാടകർ സഞ്ചരിച്ച ബസിന് നേരെ ഭീകരർ വെടിയുതിർത്തത്. നിയന്ത്രണം വിട്ട് വാഹനം മലയിടുക്കിലേക്ക് മറിഞ്ഞു. സംഭവത്തിൽ 10 പേർ മരിച്ചു. 33 പേർക്ക് പരുക്കേറ്റു. ശിവ് ഖോഡിയിൽ തീർഥാടനത്തിന് പോയവരാണ് മരിച്ചത്. മുഖംമൂടി ധരിച്ച രണ്ട് ഭീകരരാണ് ബസിനുനേരെ വെടിയുതിർത്തതെന്നാണ് വിവരം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയുമടക്കംന ഭീകരാക്രമണത്തെ അപലപിച്ചു.