വാരണാസിയിൽ നരേന്ദ്രമോദി 6000 വോട്ടുകൾക്ക് പിന്നിൽ
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യ മണിക്കൂറിൽ ദേശീയ തലത്തിൽ ഇന്ത്യാ സംഖ്യം മുന്നിലെത്തി. എൻഡിഎ സഖ്യം യുപിയിൽ അടക്കം പിന്നിൽ പോയി. കേരളത്തിൽ യുഡിഎഫാണ് ആദ്യ സമയങ്ങളിൽ മുന്നിട്ട് നിൽക്കുന്നത്. വോട്ടെണ്ണൽ ഒന്നേകാൽ മണിക്കൂർ പിന്നിട്ടപ്പോൾ എൻഡിഎ കേരളത്തിൽ ഒരു സീറ്റിൽ ലീഡ് ചെയ്യുന്നു. എൻഡിഎ 255 ഇന്ത്യ സഖ്യം 237 സീറ്റുകളിലാണ് മുന്നിൽ. പ്രധനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരണാസിയിൽ 6000 വോട്ടുകൾക്ക് പിന്നിലാണ്.
ആദ്യ റൗണ്ടിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് 11480 വോട്ട് നേടി. പ്രധാനമന്ത്രി നരേന്ദ്ര മോദി 5257 വോട്ട് മാത്രമാണ് നേടിയത്. 6223 വോട്ടിനാണ് പ്രധാനമന്ത്രി ആദ്യ റൗണ്ടിൽ പിന്നിലായത്. ഏഴ് സ്ഥാനാര്‍ത്ഥികളിൽ ബിഎസ്‌പി സ്ഥാനാര്‍ത്ഥിയാണ് മൂന്നാം സ്ഥാനത്ത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ എക്സിറ്റ് പോൾ പ്രവചനങ്ങൾ അപ്രസക്തമാകുന്ന നിലയിലാണ് ഇന്ത്യ സഖ്യത്തിൻ്റെ മുന്നേറ്റം.
തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ മുന്നിലാണ്. കൊല്ലത്ത് എൻ കെ പ്രേമചന്ദ്രൻ മുന്നിൽ. വയനാട്ടിൽ രാഹുൽ ഗാന്ധി മുന്നിട്ട് നിൽക്കുന്നു. ആലപ്പുഴയിൽ കെസി വേണുഗോപാൽ മുന്നിട്ട് നിൽക്കുന്നു. തൃശൂരിൽ സുരേഷ് ഗോപി പിന്നിൽ. കണ്ണൂരിൽ ആദ്യ സൂചനകൾ എൽഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന് അനുകൂലമാണ്. ഇടുക്കിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് വളരെ മുന്നിലാണ്. എറണാകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ മുന്നിലാണ്.
വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ മുന്നിട്ട് നിൽക്കുന്നു. മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ് മുന്നിലാണ്. കാസർഗോഡ് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ മുന്നിലാണ്. കോഴിക്കോട്ട് എം കെ രാഘവൻ മുന്നിലാണ്. പത്തനംതിട്ടയിൽ തോമസ് ഐസക്ക് മുന്നിലാണ്. ആറ്റിങ്ങലിൽ വി ജോയ് മുന്നിട്ട് നിൽക്കുന്നു. ചാലക്കുടിയിൽ ബെന്നി ബെഹ്നാൻ മുന്നിട്ട് നിൽക്കുന്നു. പാലക്കാട് വിജയരാഘവൻ മുന്നിലാണ്. കോട്ടയത്ത് തോമസ് ചാഴിക്കാടൻ മുന്നിലാണ്.
തമിഴ്നാട്ടിലും യുപിയിലും ഇന്ത്യാ സഖ്യം മുന്നിട്ട് നിൽക്കുകയാണ്. യുപിയിൽ എസ് പി മുന്നിട്ട് നിൽക്കുന്നു. പഞ്ചാബിൽ ആദ്യമുന്നേറ്റം കോൺഗ്രസിനാണ്. ബിഹാറിൽ എൻഡിഎ സഖ്യം മുന്നിട്ട് നിൽക്കുന്നു. കർണാടകയിൽ എൻഡിഎ ആദ്യ ഘട്ടത്തിൽ മുന്നിലാണ്. രാജസ്ഥാനിലും തെലങ്കാനയിലും എൻഡിഎ മുന്നിട്ട് നിൽക്കുന്നു. പശ്ചിമബംഗാളില്‍ ബിജെപി മുന്നിട്ട് നിൽക്കുന്നു. ഒരു സീറ്റില്‍ സിപിഐഎം മുന്നിലാണ്.