നിയമസഭാ തെരഞ്ഞെടുപ്പ്; അരുണാചല്‍പ്രദേശിലും സിക്കിമിലും ഭരണത്തുടർച്ചയുമായി മുന്നണികള്‍
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അരുണാചല്‍പ്രദേശിലും സിക്കിമിലും ഭരണകക്ഷികള്‍ അധികാരത്തില്‍ തുടരും. അരുണാചലില്‍ ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടി. 60 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി 45 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുകയാണ്. സിക്കിമില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ച അധികാരത്തിലേക്കെത്തും. പ്രേം സിങ് തമങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് ഇത് രണ്ടാമൂഴമാണ്. സിക്കിമില്‍ പ്രതിപക്ഷം ഒറ്റസീറ്റില്‍ ഒതുങ്ങി.
സിക്കിം, അരുണാചല്‍ പ്രദേശ് നിയമസഭകളുടെ കാലാവധി ജൂണ്‍ രണ്ടിന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് വോട്ടെണ്ണല്‍ നേരത്തെയാക്കിയത്. അരുണാചല്‍പ്രദേശില്‍ 60 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിനു വേടത് 31 സീറ്റുകള്‍. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട 10 സീറ്റുകളില്‍ അടക്കം 46 സീറ്റുകളില്‍ ബിജെപി വിജയം ഉറപ്പിച്ചു. മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേന്‍ എന്നിവരടക്കമുള്ളവര്‍ എതിരില്ലാതെ നേരത്തെ തന്നെ വിജയിച്ചിരുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. എന്‍പിപി 8 ഉം മറ്റുള്ളവര്‍ 7 ഉം സീറ്റുകളില്‍ വിജയിച്ചു. തുടര്‍ഭരണം ഉറപ്പാക്കിയ സഹചര്യത്തില്‍ ബിജെ.പി പ്രപര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിജയഘോഷം നടത്തി.
സിക്കിമില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ച അധികാരത്തില്‍ തുടരും. 32 സീറ്റുകളില്‍ 31 ലും അവര്‍ ഒന്നാമതെത്തി. കേവല ഭൂരിപക്ഷത്തിന് 17 സീറ്റുകളാണ് ഇവിടെ വേണ്ടത്. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് 1 സീറ്റില്‍ വിജയിച്ചു. നിലവിലെ മുഖ്യമന്ത്രി പ്രേം സിങ് തമാങ് (എസ്‌കെഎം), മുന്‍ മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിങ് (എസ്ഡിഎഫ്), മുന്‍ ഫുട്ബോള്‍ താരം ബൈചുങ് ബൂട്ടിയ (എസ്ഡിഎഫ്) തുടങ്ങിയവരും തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 2019ലെ തിരഞ്ഞെടുപ്പില്‍ 17 സീറ്റുമായി ആണ് എസ്‌കെഎം അധികാരത്തിലെത്തിയത്.