കനത്ത മഴയിൽ ബൈക്കിൽ നിന്നും തെറിച്ച് വീണ യുവതിക്ക് ദാരുണാന്ത്യം
ബൈക്കിൽ നിന്നും തെറിച്ച് വീണ യുവതിക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രയ്ക്കിടയിൽ ബാക്ക് സീറ്റിൽ ഇരുന്ന യുവതി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. വിഴിഞ്ഞം മുക്കോല സ്വദേശി സുശീല( 60) ആണ് മരിച്ചത്.കനത്ത മഴയെത്തുടർന്ന് ബൈക്ക് തെന്നി വീഴുകയായിരുന്നു.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മഴക്കെടുതിയും രൂക്ഷം. വെള്ളക്കെട്ടും ഗതാഗത തടസ്സവും ജനജീവിതം സ്തംഭിപ്പിച്ചു. തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ആമയിഴഞ്ചാൻ തോടും കിള്ളിയാറും കരകവിഞ്ഞൊഴുകുകയാണ്. പവർഹൗസ് റോഡിലും പഴവങ്ങാടിയിലും ചാലയിലെ കടകളിലും വെള്ളം കയറി.
നിർത്താതെ പെയ്ത മഴയിലാണ് തിരുവനന്തപുരവും കൊച്ചിയും വെള്ളക്കെട്ടിൽ മുങ്ങിയത്. കൊച്ചി കളമശ്ശേരിയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അഗ്നിരക്ഷ സേന ആളുകളെ ഡിങ്കി ബോട്ടുകളില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
24 മണിക്കൂറിനകം കാലവർഷം കേരളത്തിലെത്തുമെന്നാണ് പ്രവചനം. എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. നാളെ മുതൽ വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ ഇടുക്കിവരെയുള്ള ഏഴ് ജില്ലകളിൽ നിലവിൽ ഓറഞ്ച് അലേർട്ടാണ്.