Kerala

കാറില്‍ ‘ആവേശം’ സ്‌റ്റൈല്‍ സ്വിമ്മിങ് പൂള്‍: യൂട്യൂബർ സഞ്ജു ടെക്കിക്ക് സാമൂഹ്യ സേവനം ശിക്ഷ

Spread the love

കാറിനുള്ളില്‍ ‘സ്വിമ്മിങ് പൂളു’ണ്ടാക്കി യാത്ര നടത്തിയ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. എൻഫോഴ്സ്മെൻ്റ് ആർടിഒ വാഹനത്തിൻ്റെ രജിസ്ട്രേഷൻ റദ്ദാക്കാൻ തീരുമാനിച്ചു.

വാഹനത്തിന്‍റെ ഡ്രൈവര്‍ ഡ്രൈവർ സൂര്യനാരായണന്‍റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. സഞ്ജു ടെക്കി അടക്കം 3 പേർക്ക് ആലപ്പുഴ മെഡിക്കൽ കോളജിൽ സന്നദ്ധ സേവനം ശിക്ഷയായി നൽകും.

ആവേശം സിനിമാ സ്റ്റൈലിലാണ് യൂട്യൂബറും സംഘവും സഫാരി കാറില്‍ സ്വിമ്മിങ് പൂള്‍ സജ്ജീകരിച്ചത്. യൂട്യൂബിൽ 4 ലക്ഷം ഫോളോവേഴ്സ് ഉള്ള സഞ്ജു ടെക്കി സ്വന്തം വാഹനമായ ടാറ്റാ സഫാരിയിൽ സ്വിമ്മിംഗ് പൂളൊരുക്കിയത്. കാറിനുള്ളിലെ രണ്ട് സീറ്റുകൾ മാറ്റി പ്ലാസ്റ്റിക് പടുത കൊണ്ട് സ്വിമ്മിങ്ങ് പൂൾ തയ്യാറാക്കുകയായിരിന്നു.

തുടർന്ന് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളിൽ കുളിച്ചു കൊണ്ട്യാത്ര ചെയ്തു. വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ട് കുളിക്കുന്നതിൻ്റെ ദൃശ്യങ്ങളും യൂട്യൂബില്‍ പങ്കുവെച്ചിരുന്നു. വിഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് രംഘത്തെത്തിയത്.