Sunday, December 29, 2024
Latest:
National

ബിജെപി സ്ഥാനാര്‍ത്ഥി കരണ്‍ ഭൂഷണ്‍ സിങിന്റെ വാഹനവ്യൂഹത്തിലെ കാറിടിച്ച് രണ്ട് മരണം

Spread the love

ഉത്തര്‍പ്രദേശില്‍ ബിജെപി സ്ഥാനാര്‍ത്ഥി കരണ്‍ ഭൂഷണ്‍ സിങിന്റെ വാഹനവ്യൂഹത്തിലെ കാറിടിച്ച് രണ്ട് പേര്‍ മരിച്ചു. യുപിയിലെ ഗോണ്ടയിലാണ് അപകടം. ഷ്ഹസാദ്(24) ഇയാളുടെ ബന്ധുവായ കുട്ടി റെഹാന്‍ (17) എന്നിവരാണ് മരിച്ചത്. അമിതവേഗതയിലെത്തിയ കാര്‍ ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്.

ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. ഇടിച്ച കാറില്‍ കരണ്‍ ഭൂഷണുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തെങ്കിലും കേസില്‍ കരണിന്റെ പേര്‍ പൊലീസ് ഉള്‍പ്പെടുത്തിയിട്ടില്ല. കരണിന്റെ ടൊയോട്ട ഫോര്‍ച്യൂണ്‍ എസ്യുവി, എതിരെ വന്ന ബൈക്കിലിടിക്കുകയായിരുന്നു. മരുന്നുവാങ്ങാന്‍ പോകുന്നതിനിടെയായിരുന്നു സംഭവം. ഇരുവരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. പിന്നാലെ വന്‍ ജനക്കൂട്ടമാണ് സ്ഥലത്ത് തടിച്ചുകൂടിയത്. തുടര്‍ന്ന് പൊലീസ് ഡ്രൈവറെയും വാഹനത്തെയും കസ്റ്റഡിയിലെടുത്തു.
കൈസര്‍ഗഞ്ച് ലോക്‌സഭാ സീറ്റിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് കരണ്‍ ഭൂഷണ്‍. മുന്‍ ഗുസ്തി മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിന്റെ മകനാണ് കരണ്‍. ബ്രിജ് ഭൂഷന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള നന്ദിനി നഗറിലെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.