കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ, ഹോട്ടലിന് നിലവിൽ ലൈസൻസില്ല, മോശം ഭക്ഷണം വിളമ്പിയതിന് 6 മാസം മുമ്പും അടപ്പിച്ചു
തൃശ്ശൂർ : പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് ഒരാൾ മരിച്ചതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. സെയിൻ ഹോട്ടലിന് നിലവിൽ ലൈസൻസില്ലെന്ന വിവരമാണ് പുറത്ത് വന്നത്. കാറളം സ്വദേശി ഷിയാസിന്റെ ലൈസൻസിലായിരുന്നു ഈ ഹോട്ടൽ കഴിഞ്ഞ മാസം വരെ പ്രവർത്തിച്ചിരുന്നത്. ഇതിന്റെ കാലാവധി കഴിഞ്ഞ മാസം അവസാനിച്ചു. ഇപ്പോഴത്തെ നടത്തിപ്പുകാരനായ റഫീഖ് കഴിഞ്ഞ മാസം 4 ന് ലൈസൻസിന് അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല.
പെരിഞ്ഞനത്തെ സെയിൻ ഹോട്ടൽ ശനിയാഴ്ച വൈകിട്ട് വിറ്റ കുഴി മന്തി കഴിച്ച 180 പേരാണ് ഛർദ്ദിയും വയറിളക്കവുമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. കുറ്റിലക്കടവിലെ ഉസൈബയുടെ വീട്ടിലേക്കും കുഴിമന്തി പാഴ്സലായി വാങ്ങിയിരുന്നു. ഉസൈബ, സഹോദരി, അവരുടെ 12 ഉം 7 ഉം വയസ്സുള്ള മക്കൾ എന്നിവരാണ് ഇത് കഴിച്ചത്. കഴിഞ്ഞ ദിവസം സഹോദരിയെയും മക്കളെയും ഭക്ഷ്യ വിഷബാധയെ തുടർന്ന് പരിഞ്ഞനം ആശുപത്രിയിലെത്തിച്ചു. ഇന്നലെയാണ് ഉസൈബയെ ശാരീരിക അസ്വസ്ഥതകളെത്തുടർന് ആദ്യം ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുന്നത്.
പുലർച്ചെ മൂന്ന് മണിയോടെ മരിച്ചു. പിന്നാലെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ വിട്ടു നൽകി. കാലത്ത് മൃതദേഹം വീട്ടിലെത്തിച്ചു. ജനപ്രതിനിധികളും പൊലീസും ഇടപെട്ടാണ് മെഡിക്കൽ കോളജിലേക്ക് തിരിച്ചയച്ചത്. മോശം ഭക്ഷണം വിളമ്പിയതിന് ആറുമാസം മുമ്പ് സെയിൻ ഹോട്ടൽ അടപ്പിച്ചിരുന്നു.