നരേന്ദ്രമോദി ധ്യാനത്തിനായി കന്യകുമാരിയിലേക്ക്
പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനത്തിനായി കന്യകുമാരിയിലേക്ക്. വ്യാഴാഴ്ച കന്യാകുമാരിയിലെത്തും. രണ്ട് ദിവസം വിവേകാനന്ദപ്പാറയിൽ ധ്യാനം ഇരിക്കും. ഏഴാം ഘട്ട വോട്ടെടുപ്പ് ദിനമായ ജൂൺ ഒന്ന് വരെ അദ്ദേഹം കന്യാകുമാരിയിൽ ആയിരിക്കും.
പ്രധാനമന്ത്രിയുടെ സന്ദർശനം പരിഗണിച്ച് കന്യാകുമാരിയിൽ കനത്ത സുരക്ഷ. ധ്യാനമിരിക്കാൻ മോദി 30ന് പ്രചാരണം കഴിഞ്ഞ് കന്യാകുമാരിയിലേക്ക് തിരിക്കും.ഇതിന് മുൻപ് 2019 ല്‍ കേദാര്‍നാഥില്‍ ധ്യാനമിരുന്നിരുന്നു.
മെയ് 30നാണ് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നത്. തുടർന്ന് തിരുവനന്തപുരത്തെത്തിയ ശേഷമാകും പ്രധാനമന്ത്രി കന്യാകുമാരിയിലേക്ക് തിരിക്കുക. ജൂണ്‍ ഒന്നിന് തിരിച്ച് ഡൽഹിയിലേക്ക് പോയേക്കും. രാജ്യത്ത് അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസമാണ് ഇത്തവണ മോദി ധ്യാനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്
അതിനിടെ ജൂണ്‍ നാല് പുതിയ കാലഘട്ടത്തിന്റെ തുടക്കമാവുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക മുസ്ലിം ലീഗിന്റേതാണെന്ന് മോദി ആവർത്തിച്ചു. പ്രതിപക്ഷത്തിന്റെ പദ്ധതികളെ കുറിച്ച് താൻ ജനങ്ങളെ ബോധവന്മാരാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.