Kerala

പിണറായി കെജരിവാളിന് പഠിക്കുന്നു, മദ്യനയ അഴിമതി കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: കെ.സുരേന്ദ്രൻ

Spread the love

പണം കിട്ടാന്‍ മദ്യ നയത്തില്‍ മാറ്റം വരുത്താന്‍ പോകുന്ന പിണറായി വിജയന്‍ മാതൃകയാക്കുന്നത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് അടുത്തില്ലാത്തതുകൊണ്ട് കെജരിവാളിന് കോടതിയില്‍ നിന്ന് കിട്ടിയ ആനുകൂല്യമൊന്നും പിണറായി പ്രതീക്ഷിക്കേണ്ട.

അഴിമതി നടത്താന്‍ മദ്യ നയത്തില്‍ മാറ്റം വരുത്താനായി യോഗം ചേരുകയും ബാറുടമകളില്‍ നിന്ന് പണപ്പിരിവ് തുടങ്ങുകയും ചെയ്തിട്ടും രണ്ടു മന്ത്രിമാര്‍ ഇതിനെ ന്യായീകരിക്കുകയാണ്. മദ്യനയത്തെക്കുറിച്ച് ചര്‍ച്ച നടന്നിട്ടേ ഇല്ലെന്നാണ് എക്‌സൈസ് മന്ത്രി പറയുന്നത്. ഇതുകൊണ്ടൊന്നും ജനത്തെ കബളിപ്പിക്കാന്‍ കഴിയില്ല. ഡല്‍ഹിയില്‍ മദ്യകുംഭകോണം നടത്തിയ എക്‌സൈസ് മന്ത്രി ഒന്നര വര്‍ഷമായ ജയിലില്‍ കിടക്കുന്ന കാര്യം മന്ത്രിമാരായ എം.ബി രാജേഷും റിയാസും ഓര്‍ക്കണം.

ബാര്‍കോഴ അഴിമതി നടത്തിയ യു.ഡി.എഫുകാര്‍ക്ക് പിണറായി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ സംസാരിക്കാന്‍ എന്തവകാശമാണ് ഉള്ളത്? അഴിമതിക്കെതിരെയുള്ള ജനരോഷം തിരിച്ചുവിടാനുള്ള സേഫ്റ്റിവാള്‍വ് മാത്രമാണ് പ്രതിപക്ഷ നേതാവിന്റെ ഗീര്‍വാണ പ്രസംഗങ്ങള്‍. ഇതില്‍ ആത്മാർത്ഥതയുടെ കണിക പോലുമില്ല. കേരളത്തിലെ മദ്യനയ അഴിമതി കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.