സബർമതി സെൻട്രൽ ജയിലിനുള്ളിൽ തടവുകാരൻ സഹതടവുകാരനെ ഇഷ്ടികയ്ക്ക് അടിച്ചു കൊന്നു
സബർമതി: ഗുജറാത്തിലെ സബർമതി സെൻട്രൽ ജയിലിനുള്ളിൽ തടവുകാരൻ സഹതടവുകാരനെ അടിച്ചു കൊന്നു. കൊലപാതക കേസിൽ പ്രതിയായ ഭരത് പ്രജാപതിയാണ് 71 കാരനായ കേശ പട്ടേലിനെ ഇഷ്ടികകൊണ്ട് തലയിലും മുഖത്തും അടിച്ച് കൊലപ്പെടുത്തിയത്. സംസ്ഥാനത്തെ തന്നെ ഏറ്റവും ശക്തമായ സുരക്ഷയുള്ള ജയിലിലാണ് ഇന്നലെ കൊലപാതകം നടന്നിരിക്കുന്നത്.
സബർമതി സെൻട്രൽ ജയിലിലെ നാലാം യാർഡിലാണ് കൊലപാതകം നടന്നത്. ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന 40 വയസുകാരനാണ് 71 കാരനായ സഹതടവുകാരനെ ക്രൂരമായി ആക്രമിക്കപ്പെട്ടത്. 71കാരൻ ഉറങ്ങുമ്പോഴായിരുന്നു അക്രമം നടന്നതെന്നാണ് വിവരം. 71കാരന്റെ നിലവിളി കേട്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് പരിക്കേറ്റ് കിടക്കുന്ന തടവുകാരനെ കാണുന്നത്. ജയിലിലെ മെഡിക്കൽ സംഘം 71കാരന് ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അക്രമത്തിന് കാരണമായ പ്രകോപനത്തേക്കുറിച്ചുള്ള സൂചനകൾ ഇനിയും ലഭ്യമായിട്ടില്ല. ഗാന്ധിനഗർ സ്വദേശിയാണ് ഭരത് പ്രജാപതി. സൈനികനായിരുന്ന ഇയാളെ 2023 ജൂലൈ മാസം നടന്ന കൊലപാതക കേസിലാണ് ജയിലിലായത്. തടവ് കാലത്തും അക്രമ സംഭവങ്ങളിൽ ഏർപ്പെട്ട പശ്ചാത്തലമുള്ളയാൾ കൂടിയാണ് ഇയാൾ. കൊലപാതക ശ്രമക്കേസിലെ പ്രതിയാണ് കൊല്ലപ്പെട്ടിരിക്കുന്ന 71കാരൻ. നേരത്തെ സബർമതി ജയിലിലേക്ക് തടവുകാർ മൊബൈൽ ഫോൺ അടക്കമുള്ളത് ഒളിച്ച് കടത്തിയത് വൻ വിവാദം ആയിരുന്നു. ജയിൽ അധികൃതർക്കെതിരെ രൂക്ഷമായ വിമർശനം ഉയർത്തുന്നതാണ് നിലവിലെ കൊലപാതകം.