National

കെമിക്കല്‍ ഫാക്ടറിയിലെ സ്ഫോടനം; മരണ സംഖ്യ പത്തായി ഉയര്‍ന്നു, ഒളിവിലായിരുന്ന ഫാക്ടറി ഉടമ അറസ്റ്റിൽ

Spread the love

മുബൈ:മഹാരാഷ്ട്രയിലെ ഡോംബിവലിയിൽ കെമിക്കൽ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രക്ഷാ ദൗത്യം 28 മണിക്കൂർ പിന്നിട്ടു. ഇന്ന് നാലു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ മരണസംഖ്യ പത്തായി ഉയർന്നു. അപകടത്തിനു പിന്നാലെ ഒളിവിൽ പോയ കമ്പനി ഉടമ മാലതി പ്രദീപ് മെഹതയെ താനെ പൊലീസ് നാസിക്കിൽ നിന്നും പിടികൂടി. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും.

മകനും സഹഉടമയുമായ മലയ് പ്രദീപ് ഇപ്പോഴും ഒളിവിലാണ്. കമ്പനിയുടെ ഉടമകൾക്കും ഡയറക്ടർമാർക്കുമെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസ് എടുത്തത്. അപകട സാധ്യത അറിഞ്ഞിട്ടും ഉടമകൾ സുരക്ഷ ഉറപ്പാക്കിയില്ലെന്നാണ് പോലീസ് കണ്ടെത്തൽ. അതേ സമയം പരിക്കേറ്റ 60 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. മരിച്ചവരിൽ രണ്ടു പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞത്. അപകട സ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേനയും വിവിധ വകുപ്പുകളും സംയുക്തമായി രക്ഷാ ദൗത്യം തുടരുകയാണ്.