ജിദ്ദ വിമാനത്താവളത്തിലെത്തുന്ന ഇന്ത്യന്‍ തീർത്ഥാടകർക്കായി അതിവേഗ ഹറമൈന്‍ ട്രെയിന്‍ സൗകര്യം
റിയാദ്: ഇതാദ്യമായി ജിദ്ദ വിമാനത്താവളത്തിലെത്തുന്ന ഇന്ത്യൻ തീർത്ഥാടകരെ മക്കയിലെത്തിക്കാൻ അതിവേഗ ഹറമൈന്‍ ട്രെയിന്‍ സൗകര്യം ലഭ്യമായതായി ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം അറിയിച്ചു. കോൺസുലേറ്റിൽ വിളിച്ചു ചേർത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ മാസം 26 മുതൽ മുംബൈ എംബാർക്കേഷൻ പോയിന്റിൽ നിന്നും ജിദ്ദയിലെത്തുന്ന ഏകദേശം 30,000 ത്തോളം തീർത്ഥാടകർക്കാണ് ഈ സൗകര്യം ലഭിക്കുക. ഈ വർഷത്തെ ഹജ്ജ് സീസണിൽ 10 ലക്ഷം തീർത്ഥാടകർക്ക് ഹറമൈന്‍ ട്രെയിന്‍ സൗകര്യം ലഭ്യമാക്കുമെന്ന് നേരത്തെ സൗദി അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകർക്കും ഈ സൗകര്യം ലഭ്യമായത്. ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷട്ര വിമാനത്താവള ടെര്‍മിനല്‍ ഒന്നിലാണ് മുംബൈയില്‍ നിന്നുള്ള ഹാജിമാര്‍ വിമാനമിറങ്ങുന്നത്. ഇവര്‍ക്ക് വിമാനത്താവളത്തില്‍ നിന്നു തന്നെ ഹറമൈന്‍ ട്രെയിനില്‍ മക്കയിലേക്ക് പോകാനാവുമെന്ന് കോണ്‍സല്‍ ജനറല്‍ അറിയിച്ചു.
4,000 തീർത്ഥാടകരാണ് ഓരോ ദിവസവും ഇന്ത്യയിൽ നിന്നും സൗദിയിലെത്തുന്നത്. ഏകദേശം 56,000 ഇന്ത്യൻ തീർത്ഥാടകർ ഇതിനോടകം എത്തിയിട്ടുണ്ട്. ഇവരിൽ 30,000 ത്തോളം പേർ മദീനയിലും ബാക്കി തീർത്ഥാടകർ മക്കയിലുമാണ്. മദീനയിലെത്തിയ തീർത്ഥാടകരിൽ ഭൂരിഭാഗത്തിനും ഹറമിനു സമീപം മര്‍ക്കിയ ഏരിയയിൽ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. മിനായില്‍ ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ഹാജിമാർക്ക് രണ്ട് മുതല്‍ നാലു വരെ സോണ്‍ പരിധിക്കുള്ളിൽ തന്നെ താമസസൗകര്യം ഒരുക്കാനായി. മിനയില്‍ 40 ബെഡ് സൗകര്യമുള്ള ഒന്നും 30 ബെഡുകളുള്ള രണ്ട് ആശുപത്രികളും മദീനയില്‍ 20 ബഡുകളുള്ള ആശുപത്രിയും ഹാജിമാർക്കായി ഒരുക്കിയിട്ടുണ്ട്.
ഇതില്‍ 30 ബഡുകളുള്ള മിനയിലെ ഒരു ആശുപത്രി സ്ത്രീകള്‍ക്കു വേണ്ടി മാത്രമായിരിക്കും. ഇതിന് പുറമെ ആവശ്യത്തിന് ഡിസ്പെൻസറികളും സജ്ജമാക്കിയിട്ടുണ്ട്. നാട്ടിൽ നിന്നും തീർത്ഥാടകരെ സേവിക്കാനായി എട്ട് കോര്‍ഡിനേറ്റര്‍മാര്‍ ഉള്‍പ്പടെ 600 ഉദ്യോഗസ്ഥരാണ് എത്തുന്നത്. ഇവരിൽ 180 ഡോക്ടര്‍മാരടക്കം 350 പേർ ആരോഗ്യ പ്രവർത്തകരാണ്. മൂന്ന് മാനസികാരോഗ്യ ചികിത്സാ വിദഗ്ധരും മെഡിക്കല്‍ സംഘത്തിലുണ്ട്. ഇത്തവണ മഹറം (ആൺ തുണ) ഇല്ലാതെ 5,000 വനിതകളാണ് ഇന്ത്യയിൽ നിന്ന് ഹജ്ജ് നിര്‍വഹിക്കാനെത്തുന്നത്. ഇവര്‍ക്കാവശ്യമായ പ്രത്യേക താമസസൗകര്യവും മറ്റും സജ്ജീകരിച്ചിട്ടുണ്ടെന്നും കോൺസുൽ ജനറൽ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ഹജ്ജ് കോൺസൽ മുഹമ്മദ് അബ്ദുൽ ജലീൽ, കള്‍ച്ചറൽ ആൻഡ് കോമേഴ്സ് വിഭാഗം കോണ്‍സല്‍ മുഹമ്മദ് ഹാഷിം എന്നിവരും സംബന്ധിച്ചു.